KeralaNEWS

BJP പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു, പരിപാടി ബഹിഷ്‌കരിച്ച് വിമതര്‍

പാലക്കാട്: രണ്ടുദിവസം നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു. പ്രശാന്ത് ശിവന്‍ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന പാലക്കാട് നഗരസഭയിലെ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുടെ ഭീഷണിക്കിടെയാണ് വരണാധികാരി പ്രമീള ദേവിക്ക് മുമ്പാകെയാണ് പ്രശാന്ത് ശിവന്‍ ചുമതലയേറ്റത്.

നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സംഘടനയെ എതിര്‍ക്കുന്നവര്‍ക്ക് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും വിമതരെ ലക്ഷ്യമിട്ട് സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ. എം. ഹരിദാസ് പറഞ്ഞു. സ്ഥാനമേല്‍ക്കല്‍ ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Signature-ad

അതേസമയം പരിപാടി നടക്കുന്നത് ജില്ലാ കേന്ദ്രത്തിലായിട്ടും നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും എത്തിയില്ല. കഴിഞ്ഞ ദിവസം വിമതസ്വരം ഉയര്‍ത്തിയവരാണ് എത്താതിരുന്നത്. അതേസമയം പ്രശാന്ത് പ്രസിഡന്റാകുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ബിജെപിയിലുണ്ടായ അസ്വാരസ്യങ്ങള്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ അനുനയനീക്കത്തിനൊടുവില്‍ സമവായത്തിലെത്തിയെന്നാണ് വിവരം. രാജിവെയ്ക്കില്ലെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. പ്രശാന്ത് ശിവനെ ജില്ലാപ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ഇ. കൃഷ്ണദാസും വ്യക്തമാക്കിയിരുന്നു.

രാജിയുള്‍പ്പടെയുള്ള കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്നാണ് ആര്‍.എസ്.എസ്. നേതൃത്വം നല്‍കിയ നിര്‍ദേശം. ആര്‍.എസ്.എസിന്റെ ഇടപെടലില്‍ സമവായത്തിലെത്തുകയും രാജി വെയ്ക്കാനുള്ള തീരുമാനം ഉപേക്ഷിക്കുകയും ചെയ്‌തെങ്കിലും ദേശീയ നേതൃത്വത്തെ ചെയര്‍പേഴ്‌സണുള്‍പ്പടെയുള്ളവര്‍ അതൃപ്തിയറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നായിരുന്നു വിമതരുടെ ആക്ഷേപം. ബിജെപി ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ നോമിനിയായ പ്രശാന്ത് ശിവനെ തെരഞ്ഞെടുത്തതില്‍ അട്ടിമറിയുണ്ടെന്നും നേതൃത്വം തിരുത്തണമെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.

അതേസമയം സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയില്‍ അസ്വാരസ്യങ്ങളില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. ബിജെപിയില്‍ പക്ഷമില്ലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: