
കൊച്ചി: കലൂര്‍ ദേശാഭിമാനി റോഡില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 70 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കെഎസ്ഇബി എഞ്ചിനീയറുടെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കള്‍ വീടിന്റെ മതില്‍ ചാടിക്കടന്ന ശേഷം ശുചിമുറിയുടെ വെന്റിലേഷന്‍ ജനല്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
അലമാരയില്‍ ഉണ്ടായിരുന്ന 70 പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും ഭൂമിയുടെ രേഖകളുമാണ് കവര്‍ന്നത്. സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രം 45 ലക്ഷം രൂപ വില വരും. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പൊലീസ് ഡോഗ്‌സ്‌ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തി പരിശോധിച്ചു. വീട് കഴിഞ്ഞ മാര്‍ച്ചു മുതല്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട്ടുടമ തൃശൂരിലാണ് താമസം. ബാങ്ക് ജീവനക്കാരിയായ ഭാര്യ ബെംഗളൂരുവിലാണ്. ദമ്പതികളുടെ മക്കള്‍ മറ്റു സംസ്ഥാനങ്ങളിലുമാണ് ജോലി ചെയ്യുന്നത്.