CrimeNEWS

ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്‍ കൊല്ലപ്പെടാത്തതില്‍ നിരാശ; വേണുവിന്റെ കുടുംബത്തിന് ‘പണി’ കൊടുക്കുമെന്ന് പറഞ്ഞു, കുറ്റബോധമില്ലാതെ ഋതു

എറണാകുളം: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന കേസില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി. അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്ന് പ്രതി മൊഴി നല്‍കി.

ഇന്നലെ റിതു ജയന്റെ വീട് അടിച്ചുതകര്‍ത്തിരുന്നു. ഒരു വിഭാഗം നാട്ടുകാരാണ് ആക്രമണം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ പിരിച്ചുവിട്ടു. സംഭവത്തില്‍ രണ്ടുപേരെ വടക്കേക്കര പൊലീസ് പിടികൂടിയിരുന്നു. സംഭവസ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Signature-ad

കൊല നടത്തിയതില്‍ ഋതുവിന് കുറ്റബോധമില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. കൊല്ലപ്പെട്ടവരുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പ്രതി സുഹൃത്തുക്കളോട് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേ?ഹം വ്യക്തമാക്കി.

കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ല. വേണുവിന്റെ കുടുംബത്തിന് പണി കൊടുക്കുമെന്ന് പ്രതി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇവരെ കേസില്‍ സാക്ഷികളാക്കും. ഡിവൈഎസ്പി പറഞ്ഞു. പ്രതിയുടെ അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും.

പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അക്രമിയുടെ അടിയേറ്റ് മരിച്ചത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിനെ (35) തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Back to top button
error: