ജയ്പുര്‍: വിവാഹ ഘോഷയാത്രയ്ക്ക് ജാതിപരമായ എതിര്‍പ്പ് ഭയന്ന് പോലീസിനെ സമീപിച്ച കുടുംബത്തിന് സുരക്ഷയൊരുക്കി രാജസ്ഥാന്‍ പോലീസ്. അജ്മീര്‍ ജില്ലയിലാണ് സംഭവം. ദളിത് യുവാവിന്റെ വിവാഹ ചടങ്ങിനോടനുബന്ധിച്ച കുതിരപ്പുറത്തുള്ള ഘോഷയാത്രയ്ക്കെതിരെ മറ്റുജാതിയില്‍പ്പെട്ടവരുടെ എതിര്‍പ്പ് മനസിലാക്കിയാണ് വധുവിന്റെ കുടുംബം പോലീസിനെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചത്.
ലവേര ഗ്രാമത്തിലായിരുന്നു വിവാഹം. ഗ്രാമത്തിലെ സവര്‍ണ വിഭാഗത്തിലുള്ളവരുടെ എതിര്‍പ്പ് പ്രതീക്ഷിച്ച് വധു അരുണ ഖോര്‍വാളിന്റെ കുടുംബമാണ് ഭരണകൂടത്തെ സമീപിച്ചത്. ചടങ്ങിനായി 200 ഓളം ഉദ്യോഗസ്ഥരെയാണ് ഭരണകൂടം വിന്യസിച്ചത്. വരന്‍ വിജയ് റെഗര്‍, വധുവിന്റെ ഗ്രാമത്തിലെത്തി പരമ്പരാഗത രീതിയില്‍ വിവാഹം ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതുവരെ പോലീസ് സുരക്ഷയൊരുക്കി.
വിവാഹ ഘോഷയാത്രയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടാകാമെന്ന് കുടുംബം പോലീസിനോട് ആശങ്ക ഉന്നയിച്ചിരുന്നു. തയ്യാറെടുപ്പിന്റെ ഭാഗമായി ഗ്രാമത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഗ്രാമവാസികളും സഹകരിച്ചു, പ്രശ്നമുണ്ടാകില്ലെന്ന് പറഞ്ഞു. ഘോഷയാത്ര പോലീസ് സംരക്ഷണത്തിലാണ് നടന്നത്’ അജ്മീര്‍ പോലീസ് സൂപ്രണ്ട് വന്ദിത റാണ പറഞ്ഞു.