മുംബൈ: ‘വേണ്ടവിധത്തില്‍ ചിന്തിക്കാതെ’ നടപടിയെടുത്തതിന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റി(ഇ.ഡി.) നെതിരേ പിഴ ചുമത്തി ബോംബെ ഹൈക്കോടതി. റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ലഭിച്ച കള്ളപ്പണക്കേസ് വെളുപ്പിക്കല്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചതിനാണ് ഇ.ഡിക്കെതിരെ ചൊവ്വാഴ്ച ഒരുലക്ഷം രൂപയുടെ പിഴ ചുമത്തിയത്. കേന്ദ്ര ഏജന്‍സികള്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ പൗരര്‍ ഒരുതരത്തിലും ക്ലേശം നേരിടേണ്ടിവരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുള്ള ‘ശക്തമായ സന്ദേശം’ നിയമം നടപ്പിലാക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറേണ്ടതുണ്ടെന്നും പിഴ ചുമത്തിയ ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
രാകേഷ് ജയിന്‍ എന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ഇ.ഡി. സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2014 ഓഗസ്റ്റില്‍ പ്രത്യേക കോടതി സ്വീകരിച്ച നടപടി (സമന്‍സ് / നോട്ടീസ്) ഹൈക്കോടതി റദ്ദാക്കി. ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ നിയമം കയ്യിലെടുക്കുന്നതും പൗരരെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് യാദവ് ചൂണ്ടിക്കാട്ടി.
രാജേഷ് ജയിനുമായി ഭൂമിയിടപാട് നടത്തിയ ഒരു വ്യക്തി കരാര്‍ ലംഘനം, വഞ്ചന തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിലെ പാര്‍ലെ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസന്വേഷണം ആരംഭിച്ചത്. ജയിനിനെതിരെ കേസെടുത്തിരുന്നില്ലെന്നും അക്കാരണത്താല്‍ ജയിനിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ജസ്റ്റിസ് യാദവ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.
പരാതിക്കാരന്റെ പ്രവൃത്തിയും കുറ്റാരോപിതനെതിരെയുള്ള ഇ.ഡിയുടെ നടപടിയും വിശ്വാസയോഗ്യമല്ലെന്നുള്ള കാര്യം വ്യക്തമാണെന്നും അതിനാല്‍ പിഴ ചുമത്തുകയാണെന്നും കോടതി പറഞ്ഞു. നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കാനും ‘ഉചിതമായി ചിന്തിക്കാതെ’ നിയമം കയ്യിലെടുത്ത് പൗരരെ ഉപദ്രവിക്കരുതെന്നും ഇ.ഡി. പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് ‘ശക്തമായ സന്ദേശം’ നല്‍കുന്നതിനാണ് പിഴ ചുമത്തുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പിഴത്തുകയായ ഒരുലക്ഷം രൂപ ഹൈക്കോടതി ലൈബ്രറിയിലേക്ക് നാലാഴ്ചയ്ക്കുള്ളില്‍ ഇ.ഡി. കൈമാറണം. ജയിനിനെതിരെ പരാതി നല്‍കിയ വ്യക്തിയ്ക്കും ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
ഇ.ഡിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം ഷിര്‍സതിന്റെ അഭ്യര്‍ഥനപ്രകാരം വിധി നടപ്പാക്കുന്നതിന് ഒരാഴ്ച കാലതാമസം കോടതി അനുവദിച്ചു. സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനാണ് അഭിഭാഷകന് ഒരാഴ്ച സമയം ആവശ്യപ്പെട്ടത്.