മലപ്പുറം: തിരൂരില്‍ യുവതിയുടെ കല്യാണം മുടക്കിയ യുവാവ് അറസ്റ്റില്‍. അരിക്കാഞ്ചിറ സ്വദേശിയായ റാഷിഫ് (31)നെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടായി സ്വദേശിയുടെ മകളുടെ വിവാഹമാണ് റാഷിഫ് മുടക്കിയത്. വിവരമറിഞ്ഞ യുവതിയുടെ കുടുംബം റാഷിഫിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം നിക്കാഹ് നടക്കാനിരുന്ന യുവതിയുടെ വിവാഹമാണ് പ്രതി മുടക്കിയത്. വിവാഹത്തലേന്ന് വരന്റെ വീട്ടുകാരെ സമീപിച്ച് ഇയാള്‍ യുവതിയെപ്പറ്റി മോശമായ അഭിപ്രായം പറയുകയും വരന്റെ വീട്ടുകാരെ നിക്കാഹില്‍ നിന്നും പിന്തിരിപ്പിക്കുകയും ആയിരുന്നുവെന്ന് തിരൂര്‍ പൊലീസ് പറഞ്ഞു. നിക്കാഹ് മുടങ്ങിയതിന് പിന്നാലെ കാരണം അന്വേഷിച്ചപ്പോഴാണ് യുവതിയുടെ കുടുംബം റാഷിഫിന്റെ ഇടപെടല്‍ തിരിച്ചറിയുന്നത്.
പിന്നാലെ വധുവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മകളെ അപമാനിച്ചതിനും അപവാദപ്രചരണം നടത്തിയതിനും വിവാഹത്തിനായി ഒരുക്കങ്ങള്‍ നടത്തി എട്ട് ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പൊലീസ് യുവാവിനെതിരെ കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റാഷിഫ് പിടിയിലായത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.