തിരുവനന്തപുരം: കഠിനംകുളത്ത് കഴുത്തില്‍ കുത്തേറ്റ് യുവതി മരിച്ച നിലയില്‍. വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാവിലത്തെ പൂജയ്ക്കുശേഷം പതിനൊന്നരയോടെ രാജീവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.
കഴുത്തില്‍ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു മൃതദേഹം. നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ഗോവിന്ദനെ സ്‌കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ അനുമാനം. എട്ടേമുക്കാലിനും ഒന്‍പതു മണിക്കും ഇടയിലാണ് കുട്ടിയുടെ സ്‌കൂള്‍ ബസ് വരുന്നത്.
അതിനിടെ, വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടര്‍ കാണാതായിട്ടുണ്ട്. ഇതു കൊലപാതകം നടത്തിയയാള്‍ കൊണ്ടുപോയെന്നാണ് സൂചന. യുവതിയുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയമുള്ള എറണാകുളം സ്വദേശിയായ യുവാവ് രണ്ടുദിവസം മുമ്പ് വീട്ടില്‍ വന്നിരുന്നു. ഇയാളെ പൊലീസ് അന്വേഷിച്ചു വരുന്നതായാണ് സൂചന. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.