പത്തനംതിട്ട : കായിക താരമായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍. സുമിത് (25) , ആര്‍. രഞ്ജിത്ത് (23), അതുല്‍ ലാല്‍ (19), പി പ്രവീണ്‍ (20) , അഭിജിത്ത് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടുന്നതിനുള്ള നടപടിയുടെ ഭാഗമായി, ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
സംഭവവുമായി ബന്ധപ്പെട്ട് നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഇലവുംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ 25 പ്രതികളില്‍ 19 പേര്‍ ഇതുവരെ പിടിയിലായി, ഒരു പ്രതി പത്തനംതിട്ട പൊലീസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജയിലിലാണ്.
മലയാലപ്പുഴ സ്റ്റേഷനിലെ പ്രതി അഭിജിത്തിനെ ചെന്നൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
ആകെ 60 പ്രതികളില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 52 ആയി. ഇവരില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ് കുമാര്‍ പറഞ്ഞു