തിരുവനന്തപുരം: പിതാവിനെ മക്കള്‍ സമാധി ഇരുത്തിയ കല്ലറ തുറന്ന് പൊലീസ് മൃതദേഹം പുറത്തെടുത്തു. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും സുഗന്ധദ്രവ്യങ്ങളുമുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം അഴുകിയ നിലയിലാണ്. സര്‍ജന്‍ അടക്കം സ്ഥലത്തുണ്ട്.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്. രാവിലെ തന്നെ പൊലീസ് നടപടികള്‍ ആരംഭിച്ചിരുന്നു. കല്ലറയിലേക്കുള്ള വഴികള്‍ അടച്ചു. 200 മീറ്റര്‍ പരിധിയില്‍ ആളുകളെ പൂര്‍ണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തുണ്ട്.
കല്ലറ തുറന്നു പരിശോധിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഇന്നലെ ഹൈക്കോടതി നിരസിച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നീക്കം. ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും. തുടര്‍ന്ന് ഭൗതിക ദേഹം എന്തുചെയ്യണമെന്ന് തീരുമാനിക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കള്‍ സമാധിയിരുത്തിയത്. ഇന്ന് എട്ടുദിവസമായി. ഇന്നലെ രാത്രി തന്നെ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസ് സംഘം സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തിരുന്നു.