കോഴിക്കോട്: പാര്‍ട്ടിയുമായുള്ള കടുത്ത അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന സി.പി.എം. നേതാവ് ജി. സുധാകരന്‍. മുസ്ലീംലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിക്കുന്ന ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിലാണ് ജി. സുധാകരന്‍ പങ്കെടുക്കുക.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടകനായി എത്തുന്ന പരിപാടിയിലാണ് ജി. സുധാകരന്റെ പങ്കാളിത്തം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉള്‍പ്പടെയുള്ള സി.പി.എം. നേതാക്കള്‍ ലീഗ് വിമര്‍ശനം ശക്തമാക്കിയിരിക്കുന്ന സമയത്താണ് സെമിനാറില്‍ സുധാകരന്‍ പങ്കെടുക്കുന്നത്.
പാര്‍ട്ടി പരിപാടികളില്‍നിന്ന് തന്നെ മാറ്റിനിര്‍ത്തുന്നതില്‍ നേരത്തെതന്നെ ജി. സുധാകരന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലേക്കും സമാപന സമ്മേളനത്തിലേക്കും ജി. സുധാകരനെ ക്ഷണിച്ചത്. എന്നാല്‍, രണ്ട് പരിപാടികളിലും അദ്ദേഹം പങ്കെടുത്തില്ല. ആലപ്പുഴയിലെ വോട്ട് മറിക്കലില്‍ അന്വേഷണം നടത്താത്തതിലും ജില്ലയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ ശ്രമം നടത്താത്തതിലും സുധാകരന് വിയോജിപ്പുണ്ട്.
പിണറായി വിജയന്‍ പാര്‍ട്ടിയില്‍ അധികാരം മുറുക്കുന്നതിലുള്ള വിയോജിപ്പിന്റെ ഭാഗമായി കൂടിയായിരുന്നു സമ്മേളനത്തില്‍ നിന്നുള്ള ജി. സുധാകരന്റെ മാറി നില്‍ക്കല്‍. മുഖ്യമന്ത്രി അടങ്ങുന്ന സര്‍ക്കാരിനെതിരേയും പാര്‍ട്ടിക്ക് എതിരേയുമുള്ള വിമര്‍ശനങ്ങളെ ഒതുക്കിത്തീര്‍ക്കാന്‍ ആദ്യാവസാനം പിണറായി വിജയന്‍ പങ്കെടുത്ത സമ്മേളനം കൂടിയായിരുന്നു ആലപ്പുഴയിലേത്.
കഴിഞ്ഞ 18 ജില്ലാ സമ്മേളനങ്ങളിലെ സജീവസാന്നിധ്യമായിരുന്ന സുധാകരന്‍ 1975-ന് ശേഷം പങ്കെടുക്കാത്ത ആദ്യ ജില്ലാ സമ്മേളനമായിരുന്നു ഇത്തവണ ആലപ്പുഴയിലേത്. സി.പി.എം. പ്രതിനിധിയായിട്ടാണ് സുധാകരനെ സെമിനാറില്‍ ക്ഷണിച്ചതെന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം.