KeralaNEWS

എല്ലാ പ്രതികളും ഒരുപോലെ, ബോബിക്ക് പ്രത്യേകതയില്ല; ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: ബോബി ചെമ്മണൂരിന്റെ ജാമ്യ ഹര്‍ജി പ്രത്യേകമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അടിയന്തരപ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ എല്ലാ പ്രതികള്‍ക്കും ഒരേ പരിഗണന എന്ന സമീപനമാണ് കോടതിക്കുള്ളതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ബോബിക്കായി കോടതിയില്‍ ഹാജരായിരുന്നു. അദ്ദേഹത്തോട്, ഈ സമയത്ത് എന്താണ് ഇവിടെ എന്ന് ചോദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കേസിനെക്കുറിച്ച് സംസാരിച്ചത്. സാധാരണഗതിയില്‍ നാലുദിവങ്ങള്‍ക്ക് ശേഷം മാത്രമേ ജാമ്യഹര്‍ജി പരിഗണിക്കൂ, ഈ കേസിലും അങ്ങനെയേ ചെയ്യുള്ളൂ. ബോബി ചെമ്മണൂരിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണനയില്ല, കോടതി അറിയിച്ചു.

Signature-ad

മരണമൊഴി ഒഴികെ മറ്റൊരു മൊഴിയും ഈ കേസ് പരിഗണിക്കുന്ന അതേ മജിസ്ട്രേറ്റ് തന്നെ രേഖപ്പെടുത്തുന്നത് ശരിയല്ല എന്താണ് നിലവിലുള്ള ചട്ടം എന്ന പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേകോടതി തന്നെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു, ജാമ്യഹര്‍ജി കേട്ട് അതില്‍ തീരുമാനം എടുക്കുന്നു, ബോബി ചെമ്മണൂരിനെ ജയിലിലേക്ക് വിടുന്നു, ഇതൊന്നും ശരിയായ രീതിയല്ലെന്ന് പ്രതിഭാഗം വാദിച്ചു.

അതേസമയം, വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ തന്നെ പൊതുമധ്യത്തില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, അത് വളരെ മോശമായ രീതിയാണെന്ന് കോടതി പ്രതിയെ ബോധ്യപ്പെടുത്തി. അതിന് മറുപടിയായി, ബോബി ചെമ്മണൂര്‍ ഇനി മേലാല്‍ ഇത്തരത്തിലുള്ള ദ്വയാര്‍ഥപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പുകൊടുത്തിരിക്കുന്നത്.

ഇക്കാര്യം ബോബി ചെമ്മണൂരിനോട് പറയുകയും ഇനി ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുള്ളതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിലവില്‍ ബോബി ചെമ്മണൂര്‍ ജയിലിലേക്ക് തന്നെ മടങ്ങേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: