IndiaNEWS

തിരുപ്പതി ക്ഷേത്രത്തിലെ അപടകം: മരിച്ച ആറുപേരില്‍ പാലക്കാട് സ്വദേശിനിയും

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപ്പെട്ടു മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല (52) ആണ് മരിച്ചത്. ബന്ധുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്.

തിരുപ്പതി വൈകുണ്ഠ ഏകാദശിയ്ക്കായി ടോക്കണ്‍ എടുക്കുന്നതിനിടെ ആയിരുന്നു അപകടം. നിര്‍മല മരിച്ചെന്ന കാര്യം ബന്ധുക്കള്‍ വൈകിയാണ് അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Signature-ad

അപകടത്തില്‍ മരിച്ച ആറുപേരില്‍ ഉള്‍പ്പെട്ടിരുന്ന നിര്‍മല കര്‍ണാടക സ്വദേശിനിയാണെന്നായിരുന്നു പൊലീസ് ആദ്യം നല്‍കിയ വിവരം. പിന്നീട് ഈ വിവരം തിരുത്തി നല്‍കുകയായിരുന്നു.

അതേസമയം, തിരുപ്പതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയാണ് താഴെ തിരുപ്പതിയില്‍ കൂപ്പണ്‍ വിതരണ കൗണ്ടറില്‍ അപകടമുണ്ടായത്. ഇന്ന് രാവിലെ മുതലാണ് കൂപ്പണ്‍ വിതരണം ആരംഭിക്കാനിരുന്നത്. ഇതിനു മുന്നോടിയായി തന്നെ ആയിരകണക്കിന് പേര്‍ കൂപ്പണ്‍ വിതരണ കൗണ്ടറിലെ ക്യൂവിലേക്ക് ഇടിച്ചുകയറിയതോടെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: