കൊച്ചി:വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐ. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. പോക്‌സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തല്‍. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സിബിഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി അടക്കം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളെ അടക്കം പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. കോടതി ഇത് തള്ളിയിരുന്നു.
ഇതിന് ശേഷമാണ് കോടതി വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്. കൊച്ചിയിലെ സിബിഐ കോടതി 3ല്‍ കേസിന്റെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് വാളയാര്‍ കേസിലെ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കിയിരിക്കുന്നത്.
2017 ജനുവരി13, മാര്‍ച്ച് നാല് തീയതികളിലായാണ് വാളയാറിലെ 13, 9 വയസ്സുള്ള സഹോദരിമാരെ ഒറ്റമുറി ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.