സി.പി.എം കമ്മിറ്റികളില്‍ നിന്ന് ഒഴിവായ കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷ പോറ്റിയെ ചാക്കിലാക്കാൻ രണ്ടും കല്പിച്ച് കോണ്‍ഗ്രസ് കളത്തിലിറങ്ങി.
അയിഷ പോറ്റിയെ പാര്‍ട്ടിയിൽ എത്തിക്കാനുള്ള നേതൃത്വത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി കൊട്ടാരക്കര നഗരസഭ പ്രവര്‍ത്തക ക്യാംപില്‍ മുന്‍ എംഎല്‍എയെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടിയുടെ വാതിലുകള്‍ അയിഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണ് എന്ന് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. സിപിഎമ്മിനെയും മന്ത്രി കെ എന്‍ ബാലഗോപാലിനെയും വിമര്‍ശിച്ചുകൊണ്ടാണ് പ്രമേയം.
സിപിഎം ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും അയിഷ പോറ്റിയുടെ ചിറകരിഞ്ഞത് മന്ത്രി ബാലഗോപാലിന്റെ അറിവോടെയാണ്. അയിഷ പോറ്റിയുടെ ജനകീയ മുഖത്തെ മന്ത്രി ഭയക്കുന്നു. സിപിഎം നിര്‍ബന്ധത്തിന് വഴങ്ങി. ശബരിമല ദൈവവിശ്വാസത്തെ തള്ളിപ്പറഞ്ഞതിലും ഈശ്വരനാമം ഒഴിവാക്കി സത്യപ്രതിജ്ഞ ചെയ്തതിലും അയിഷാപോറ്റി പശ്ചാത്തിക്കുന്നുണ്ടാകാമെന്നും പ്രമേയത്തില്‍ പറയുന്നു. എം കെ മുരളീധരനാണ് പ്രമേയം അവതരിപ്പിച്ചത്.
കൊട്ടാരക്കര മണ്ഡലത്തെ 3 തവണ പ്രതിനീധീകരിച്ച എംഎല്‍എയാണ് അയിഷ പോറ്റി. വര്‍ഷങ്ങളോളം കൊട്ടാരക്കരയെ പ്രതിനീധികരിച്ച ആര്‍ ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയാണ് അയിഷ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്.
മന്ത്രി കെഎന്‍ ബാലഗോപാലാണ് ഇപ്പോള്‍ കൊട്ടാരക്കര നിയോജക മണ്ഡലത്തെ പ്രതീനിധീകരിക്കുന്നത്. 2016ല്‍ അയിഷ പോറ്റി 42,632 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ 2021ല്‍ കെ എന്‍ ബാലഗോപാല്‍ 10,814 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ ആര്‍. രശ്മിയാണ് ശക്തമായ മത്സരം കാഴ്ചവെച്ചത്.