CrimeNEWS

പുലര്‍ച്ചെ 4 മുതല്‍ ഫാം ഹൗസിനുമുന്നില്‍ കാത്തുനിന്നു, ‘ബോച്ചെ’യെ പിടിച്ചത് കാര്‍ വളഞ്ഞ് തേയിലത്തോട്ടത്തില്‍വെച്ച്

കല്‍പ്പറ്റ: ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത് നാടകീയമായ നീക്കങ്ങളിലൂടെ. വയനാട്ടിലെ ഫാം ഹൗസിന് മുന്നില്‍വെച്ചാണ് ബോബിയെ എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. ഒളിവില്‍പ്പോകാതിരിക്കാനായി പുലര്‍ച്ചെ നാലുമണിമുതല്‍ പോലീസ് സംഘം ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. ഫാം ഹൗസിന് പുറത്തേക്ക് പോകാന്‍ ബോബി ചെമ്മണ്ണൂര്‍ കാറുമെടുത്ത് വരുമ്പോള്‍ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

അധിക്ഷേപിച്ച് സംസാരിച്ചു എന്ന നടി ഹണി റോസിന്റെ പരാതിയേത്തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എ.ആര്‍.ക്യാമ്പിലെത്തിച്ചശേഷം ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരാതിക്കൊപ്പം ഡിജിറ്റല്‍ തെളിവുകളും ഹണി റോസ് ഹാജരാക്കിയിരുന്നു. ഹണി റോസിന്റെ പരാതിയില്‍ മതിയായ തെളിവുകളുണ്ടെന്ന് എറണാകുളം ഡി.സി.പി അശ്വതി ജിജി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

Signature-ad

‘ഇതൊരു നേട്ടം തന്നെയാണ്. എറണാകുളം സെന്‍ട്രല്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതി ലഭിച്ചതിനുപിന്നാലെ ബോബി ചെമ്മണ്ണൂരിനെ നിരീക്ഷിച്ച് വരികയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കുള്ള പാഠമാണിത്. ഹണി റോസിനെതിരായി മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തവരെ തിരിച്ചറിയാനുള്ള അന്വേഷണം നടക്കുകയാണ്.’ എറണാകുളം ഡി.സി.പി വ്യക്തമാക്കി.

കഴിഞ്ഞദിവസം കേസെടുത്തതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനൊന്നും ഇടനല്‍കാതെയാണ് എറണാകുളത്തുനിന്നെത്തിയ പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇവിടെനിന്നുള്ള ഡാന്‍സാഫ് സ്‌ക്വാഡ് (ലഹരി വിരുദ്ധ സ്‌ക്വാഡ്) അംഗങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സഹായത്തിനുണ്ടായിരുന്നത്.

മേപ്പാടി, ചൂരല്‍മല ഭാഗത്തേക്കുപോകുന്ന വഴിയിലാണ് ബോബിയുടെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. തേയില എസ്റ്റേറ്റാണിത്. രണ്ടുവര്‍ഷം മുന്‍പ് അദ്ദേഹം വാങ്ങിയ ഇവിടെ ടൂറിസം പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള റോഡില്‍ വെച്ചാണ് പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: