KeralaNEWS

പിണറായിയെ വെല്ലുവിളിച്ച് അന്‍വര്‍ ജയിലിലേയ്ക്ക്:14 ദിവസം റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകും

      നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തല്ലി തകർത്ത കേസിൽ  റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. അതിനു മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി.

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.  നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്.  കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് വനംവകുപ്പ് ഓഫീസ് ആക്രമിച്ചതും അടിച്ചു തകർത്തതും.

Signature-ad

രാത്രി ഒന്‍പതരയോടെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തിയാണ് പി വി അന്‍വറിനെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. ഈ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേർ വീടിന് മുന്നില്‍ തടിച്ചുകൂടി.

  മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു പി വി അന്‍വറിന്‍റെ ആദ്യപ്രതികരണം. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാം എന്നായിരുന്നു മുന്നറിയിപ്പ്. പിണറായി സര്‍ക്കാര്‍ തന്നെ ഭീകരനാക്കി, കേരള ചരിത്രത്തില്‍ ഇത്രയും മുസ്‌ലിം വിരുദ്ധത കാണിക്കുന്ന ഒരു സര്‍ക്കാര്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിങ്ങളോട് പിണറായി സര്‍ക്കാരിന് പ്രത്യേക മനോഭാവമാണുള്ളത്. മുസ്‌ലിം വിഭാഗത്തെ വര്‍ഗീയവാദികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പിണറായി വിജയന്‍ നടത്തുന്ന മുസ്‌ലിം വിരുദ്ധതയുടെ അവസാന തെളിവാണ് തന്റെ അറസ്റ്റെന്നും പി വി അന്‍വര്‍ പറഞ്ഞു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു.

ഇപ്പുറത്ത് പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, അപ്പുറത്ത് എഡിജിപി അജിത് കുമാര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പി വി അന്‍വര്‍ ആരോപിച്ചു. പിണറായി വിജയന്‍ ആര്‍എസ്എസിന് വഴങ്ങിക്കൊടുക്കുകയാണ്. പിണറായിയില്‍ നിന്ന് നീതി ലഭിക്കില്ല. കേരളത്തില്‍ ഇതിന് മുന്‍പ് താന്‍ പല സമരങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു നടപടി ആദ്യമാണ്. താന്‍ രണ്ട് മാസം ജയിലില്‍ കിടന്നാലും മലയോര ജനങ്ങൾക്ക് ആശ്വാസം കിട്ടുമെങ്കില്‍ കിട്ടട്ടെ എന്നാണ് പറയാനുള്ളത്. ജയിലില്‍ കിടക്കാന്‍ പാകത്തിലുള്ള, ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പൊലീസ് ചേര്‍ത്തു. ഒരു നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ താന്‍ ഹാജരാകുമായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.

അതിനിടെ അൻവറിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. പി.വി അൻവർ എംഎൽഎയുടെ അറസ്റ്റിലെ സർക്കാരിൻ്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പി വി അൻ്റെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരൻ ചോദിച്ചു. അൻവറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. മാത്യു കുഴൽനാടൻ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും അറസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: