CrimeNEWS

ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്ക് സന്ദേശം അയച്ചതിന് ഭീഷണി; പത്താംക്ലാസുകാരന്റെ മരണത്തില്‍ ഒളില്‍വിപ്പോയ ദമ്പതികള്‍ അറസ്റ്റില്‍

കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ അറസ്റ്റില്‍. കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഓഫാക്കിയ ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ ബന്ധുവീടുകളിലും ഇവര്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ശാസ്താംകോട്ട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴയില്‍നിന്നു എസ്എച്ച്ഒ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

കുന്നത്തൂര്‍ പടിഞ്ഞാറ് ഗോപി വിലാസം (ശിവരഞ്ജിനി) ഗോപുവിന്റെയും രഞ്ജിനിയുടെയും മകനും നെടിയിവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ആദികൃഷ്ണനെ (15) ഡിസംബര്‍ 1ന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭിന്നശേഷിക്കാരനായ ഇളയ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Signature-ad

വിദ്യാര്‍ഥിയായ മകള്‍ക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചെന്ന പേരില്‍ ദമ്പതികള്‍ ആദികൃഷ്ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം മര്‍ദിച്ചിരുന്നു. മുഖത്തു നീരും ചെവിയില്‍നിന്നു രക്തസ്രാവവും ഉണ്ടായി. സംഭവത്തില്‍ ബാലാവകാശ കമ്മിഷനു പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണു കുട്ടി ജീവനൊടുക്കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ശാസ്താംകോട്ട പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്നു പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതു വരെ പൊലീസ് കാത്തിരിക്കുകയാണെന്നു പരാതി ഉയര്‍ന്നിരുന്നു. രോഗിയായ പിതാവും ഭിന്നശേഷിക്കാരനായ സഹോദരനും ഉള്‍പ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു ആദികൃഷ്ണന്‍. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുമിടുക്കനായിരുന്നു ആദികൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: