CrimeNEWS

വിവാഹച്ചടങ്ങിനിടെ വധു ശൗചാലയത്തിലേക്ക് പോയി, സ്വര്‍ണവും പണവുമായി മുങ്ങി; ഒപ്പം മാതാജിയും

ലഖ്‌നൗ: വിവാഹച്ചടങ്ങിനിടെ ശൗചാലയത്തില്‍ പോയിവരാമെന്ന് പറഞ്ഞ് പോയ വധു സ്വര്‍ണവും പണവുമായി മുങ്ങി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലായിരുന്നു സംഭവം. വധുവിനൊപ്പം അമ്മയും മുങ്ങിയിട്ടുണ്ട്. കര്‍ഷകനായ കമലേഷ് കുമാറിന്റെ രണ്ടാം വിവാഹച്ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധുവിനും അമ്മയ്ക്കും വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ആദ്യഭാര്യയെ നഷ്ടമായതിനെത്തുടര്‍ന്നാണ് കമലേഷ് കുമാര്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. ഭരോഹിയിലെ ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. ബ്രോക്കര്‍ക്ക് 30,000 രൂപ കമ്മിഷന്‍ നല്‍കിയാണ് വധുവിനെ കണ്ടെത്തിയത്. വിവാഹം ഉറപ്പിച്ചതോടെ യുവതിക്ക് സാരിയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ആഭരണങ്ങളും കമലേഷ് കുമാര്‍ വാങ്ങി നല്‍കി. ഇതെല്ലാം സന്തോഷപൂര്‍വം അവര്‍ സ്വീകരിക്കുകയും ചെയ്തു. വിവാഹച്ചടങ്ങുകളുടെ ചെലവും കമലേഷ് കുമാറായിരുന്നത്രേ വഹിച്ചിരുന്നത്.

Signature-ad

അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തില്‍ എത്തിയത്. ചടങ്ങുകള്‍ ആരംഭിക്കെ തനിക്ക് അത്യാവശ്യമായി ശൗചാലയത്തില്‍ പോകണമെന്നും ഇപ്പോള്‍ തിരിച്ചെത്താമെന്നും പറഞ്ഞ് വധു പോയി. ഏറെ നേരമായിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വധു പണവും ആഭരണങ്ങളുമായി മുങ്ങിയതാണെന്ന് മനസിലായത്. അമ്മയെ കണ്ടുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ അവരും മുങ്ങിയിരുന്നു. ഇരുവരും പ്ലാന്‍ചെയ്ത് മുങ്ങിയതാണോ എന്ന് സംശയമുണ്ടെന്നാണ് കമലേഷ് കുമാറിന്റെ ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍, സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബത്തെ പുനര്‍നിര്‍മ്മിക്കാനാണ് രണ്ടാം വിവാഹത്തിലൂടെ ശ്രമിച്ചതെന്നും പ്രതീക്ഷയെല്ലാം നഷ്ടമായെന്നുമാണ് കമലേഷ് കുമാര്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: