CrimeNEWS

ഒളിവില്‍ കഴിഞ്ഞത് 18 വര്‍ഷം; എല്ലാം നിരീക്ഷിച്ച് പ്രതികള്‍, കുടുക്കിയത് CBIയുടെ പ്രത്യേകവിഭാഗം

കൊച്ചി: യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കൊന്ന് കേരളത്തില്‍നിന്ന് രക്ഷപ്പെട്ട ദിവില്‍ കുമാറും രാജേഷും പേരുകള്‍മാറ്റി വിഷ്ണുവും പ്രവീണ്‍കുമാറുമായി പുതുച്ചേരിയില്‍ ഒളിവില്‍ കഴിഞ്ഞത് 18 വര്‍ഷം. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ച് അവിടെ നിന്ന് തന്നെ ഇരുവരും വിവാഹം കഴിക്കുകയും ഭൂമിയും വീടും വാങ്ങി താമസമുറപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കടന്നുപോയതിനാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇരുവരും. എന്നാല്‍ സി.ബി.ഐ. ചെന്നൈ യൂണിറ്റ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു. കൊല നടന്ന കൊല്ലം അഞ്ചലില്‍ നിന്ന് തന്നെയാണ് സി.ബി.ഐ.ക്ക് ഇവര്‍ പുതുച്ചേരിയിലുണ്ടെന്ന വിവരം ലഭിച്ചതും അറസ്റ്റിലേക്ക് നയിച്ചതും.

2006 ഫെബ്രുവരി 10-ന് നടന്ന ക്രൂരമായ കൊലപാതകത്തില്‍ അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ഇതേ തുടര്‍ന്ന് കേരള ഹൈക്കോടതി 2010 ജനുവരി 15-ന് സി.ബി.ഐ.ക്ക് കേസ് കൈമാറി. സി.ബി.ഐ. ചെന്നൈ യൂണിറ്റ് 2010 ഫെബ്രുവരി ആറിന് കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ദിവില്‍ കുമാറിന്റെയും സുഹൃത്തായ രാജേഷിന്റെയും പേരില്‍ സി.ബി.ഐ. സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോടതി ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.

Signature-ad

പുതുച്ചേരിയിലാണെങ്കിലും പ്രതികളിരുവരും ഈ സംഭവങ്ങളെല്ലാം നിരീക്ഷിച്ചിരുന്നു. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചതോടെ സി.ബി.ഐ. അന്വേഷണം അവസാനിപ്പിക്കുമെന്നാണ് ഇരുവരും കരുതിയത്. ഇതാണ് ഇവര്‍ പുതുച്ചേരിയില്‍ നിന്ന് തന്നെ വിവാഹം കഴിക്കുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തത്. ഇരുവരും അവിടെ അധ്യാപികമാരായവരെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

എന്നാല്‍, കുറ്റകൃത്യം നടത്തി ഒളിവില്‍ പോകുന്നവരെ കണ്ടെത്താന്‍ പ്രത്യക വിഭാഗം തന്നെ സി.ബി.ഐ.യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗം നിരന്തരം കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കും. കൊല്ലം അഞ്ചലില്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ കൊലപാതകം നടന്ന അലയമണില്‍ നിന്ന് രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരുന്നു. ഇത്തരം വിവരശേഖരണത്തില്‍ നിന്നാണ് പ്രതികള്‍ പുതുച്ചേരിയിലുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. അലയമണ്‍ സ്വദേശികളിലൊരാള്‍ ദിവില്‍കുമാറിനെ പുതുച്ചേരിയില്‍ വെച്ച് കണ്ടു എന്നാണ് സൂചന. ഇയാളാണ് സി.ബി.ഐ.ക്ക് വിവരം കൈമാറിയത്.

വിവരം ലഭിച്ചയുടന്‍ ചെന്നൈ സി.ബി.ഐ. യൂണിറ്റ് ഡിവൈ.എസ്.പി.മാരായ രാജശേഖര്‍, രവി, അഡീഷണല്‍ എസ്.പി. ദിനേശ്, എസ്.ഐ. സെബാസ്റ്റ്യന്‍, ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പുതുച്ചേരിയിലേക്ക് പുറപ്പെട്ടു. ദിവില്‍ കുമാറിനെയും രാജേഷിനെയും ഉച്ചയോടെ കണ്ടെത്തി, അറസ്റ്റ് രേഖപ്പെടുത്തി, പുതുച്ചേരിയിലെ കോടതിയില്‍ വൈകുന്നേരത്തോടെ ഹാജരാക്കി കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള അനുമതി വാങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ സി.ബി.ഐ. ചെന്നൈ യൂണിറ്റ് സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സംഭവമുണ്ടായത് കേരളത്തിലായതിനാല്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത് എറണാകുളം സി.ജെ.എം. കോടതിയിലായതിനാലാണ് ഇരുവരെയും എറണാകുളത്ത് തന്നെ ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: