CrimeNEWS

റിജിത്ത് വധം: 9 RSS-BJP പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

കണ്ണൂര്‍: കണ്ണപുരം ചുണ്ടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. 20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോള്‍ കോടതിയുടെ കണ്ടെത്തല്‍. കേസില്‍ ചൊവ്വാഴ്ച ശിക്ഷ വിധിക്കും.

ചുണ്ടയിലും പരിസരത്തുമുള്ള ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ ഹൈവേ അനില്‍, പുതിയപുരയില്‍ അജീന്ദ്രന്‍, തെക്കേവീട്ടില്‍ ഭാസ്‌കരന്‍, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികള്‍. മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ എല്ലാവരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി.

Signature-ad

2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവന്‍ എന്നിവര്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ആക്രമണത്തില്‍ റിജിത്ത് കൊല്ലപ്പെടുകയും മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടിവാള്‍കൊണ്ട് വിമലിനെ വെട്ടുന്നത് കണ്ടപ്പോള്‍ തടയാന്‍ചെന്നതായിരുന്നു റിജിത്ത്. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: