ഇംഫാല്‍: മണിപ്പൂരില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ എസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. കാങ്‌പോക്പി ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തിന് പിന്നില്‍ കുക്കികളാണെന്ന് പൊലീസ് അറിയിച്ചു.
സായ്‌ബോള്‍ മേഖലയില്‍നിന്ന് അര്‍ധ സുരക്ഷാ സേനകളായ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും പിന്‍വലിക്കണമെന്ന ആവശ്യവുമായി കുക്കികള്‍ രംഗത്തിറങ്ങുകയായിരുന്നു. ഈ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഡിസംബര്‍ 31ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി വനിതാ പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വെള്ളിയാഴ്ച വൈകീട്ടുണ്ടായ പ്രകടനം.
പ്രതിഷേധക്കാരുടെ കല്ലേറില്‍ കാങ്‌പോക്പി എസ്പി മനോജ് പ്രഭാകറിന് തലയില്‍ ഒന്നിലധികം മുറിവേറ്റിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മറ്റു ചില പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കുക്കികളുടെ സംഘടനയായ കമ്മിറ്റി ഓണ്‍ ട്രൈബല്‍ യൂനിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവര്‍ എസ്പി ഓഫീസിന് നേരെ കല്ലുകളും പെട്രോള്‍ ബോംബും എറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സുരക്ഷാ സേനയെ വിന്യസിച്ച് സ്ഥിതി ശാന്തമാക്കിയതായും പൊലീസ് അറിയിച്ചു.
അര്‍ധ സൈനിക വിഭാഗങ്ങളെ മാറ്റി ആര്‍മിയും അസം റൈഫിള്‍സും മാത്രം ഈ മേഖലയില്‍ നിന്നാല്‍ മതിയെന്നാണ് കുക്കികള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം അര്‍ധസൈനിക സേന കാങ്‌പോക്പിയില്‍ കുക്കി സായുധ വിഭാഗങ്ങളുടെ നിരവധി ബങ്കറുകള്‍ നീക്കിയിരുന്നു. ഇതിനെതിരെയും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
12 മണിക്കൂറിനുള്ളില്‍ അര്‍ധ സൈനിക വിഭാഗങ്ങള്‍ ഇവിടെനിന്ന് പോകണമെന്ന് നിരവധി കുക്കി സംഘടനകള്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം സാമ്പത്തിക ഉപരോധമടക്കം ഏര്‍പ്പെടുത്തുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.