കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ.പീതാംബരനെ കാണാന്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി കോടതി വരാന്തയില്‍ കാത്തുനിന്നു. ഇന്നലെ ഫസല്‍ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതാണു കൊടി സുനി.
അപ്പോഴാണു പെരിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷയില്‍ വാദം നടക്കുന്നത്. വാദം പൂര്‍ത്തിയാക്കി 11.30നു പ്രതികളെ പുറത്തിറക്കിയപ്പോള്‍ സുനി നേരിട്ടെത്തി പീതാംബരനു കൈകൊടുത്ത് ഏറെ നേരം സംസാരിച്ചു. 12.15നു പ്രതികളെ കോടതിയിലേക്കു തിരികെ വിളിച്ചാണു പീതാംബരന്‍ അടക്കമുള്ള പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷ് (19), ശരത്‌ലാല്‍ (23) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ 10 പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷയും 2 ലക്ഷം രൂപ വീതം പിഴയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്.
സിപിഎം മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെടെ മറ്റു 4 പ്രതികള്‍ക്ക് 5 വര്‍ഷം തടവാണു ശിക്ഷ. 2019 ഫെബ്രുവരി 17നു നടന്ന ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്നു സിപിഎം പ്രവര്‍ത്തകരാണു നടത്തിയതെന്നു കോടതി കണ്ടെത്തി.