ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്നു മന്ത്രി ചോദിച്ചു. പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച സജി ചെറിയാന്‍ താനും ജയിലില്‍ കിടന്നപ്പോള്‍ പുകവലിക്കാറുണ്ടായിരുന്നുവെന്നും പറഞ്ഞു. അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും പുക വലിക്കാറുണ്ടായിരുന്നുവെന്നും മന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്നലെ കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയില്‍ പ്രതിഭയെ വേദിയിലിരുത്തിയായിരുന്നു സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍. ”കുട്ടികള്‍ കൂട്ടം കൂടില്ലേ.. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തെന്ന് എഫ്ഐആറിലില്ല. പുകവലിച്ചു എന്നാണ് അതിലുള്ളത്. ഞാനും വല്ലപ്പോഴുമൊക്കെ പുക വലിക്കുന്ന ആളാണ്. പണ്ട് ജയിലില്‍ കിടന്നപ്പോള്‍ വലിച്ചിരുന്നു. എം.ടി വാസുദേവന്‍ നായര്‍ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണ്.”-അദ്ദേഹം പറഞ്ഞു.
പുകവലിച്ചതിനു ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. നമ്മുടെ കുഞ്ഞുങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. നമ്മളെല്ലാം കുഞ്ഞുങ്ങളായി വന്നതല്ലേ. ഓരോരുത്തരും അവര്‍ കാണിച്ചുവച്ചത് കൂട്ടിവച്ചാല്‍ എത്ര പുസ്തകമാക്കാന്‍ പറ്റും? കൊച്ചുകുട്ടികളല്ലേ, അവര്‍ കമ്പനിയടിക്കുകയും വര്‍ത്തമാനം പറയുകയും ചെയ്യും. ചിലപ്പോള്‍ പുകവലിച്ചെന്നുമിരിക്കും. അതിനെന്താണ്? വലിച്ചതു ശരിയാണെന്നല്ല. ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
140 എംഎല്‍എമാരില്‍ ഏറ്റവും മികച്ചയാളാണ് പ്രതിഭ എന്നും അദ്ദേഹം പ്രശംസിച്ചു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ മക്കളെക്കൊണ്ട് അനുഭവിച്ച പ്രശ്നങ്ങളുമായി താരതമ്യം ചെയ്തായിരുന്നു പ്രകീര്‍ത്തനം. പ്രതിഭയെ ബിജെപി നേതാക്കള്‍ പാര്‍ട്ടിയിലേക്കു ക്ഷണിച്ചതിനെ മന്ത്രി സജി ചെറിയാന്‍ പരിഹസിക്കുകയും ചെയ്തു.