പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമായി കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നത്. ക്രിസ്മസ് ദ്വീപ് എന്നും അറിയപ്പെടുന്ന കിരിബാത്തി മധ്യ പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണിത്. ഇന്ത്യയേക്കാള്‍ 8.5 മണിക്കൂര്‍ മുന്നിലാണ് കിരിബാത്തി ദ്വീപ്. ഗംഭീര ആഘോഷങ്ങളോടെയാണ് കിരിബാത്തി പുതുവത്സരത്തെ വരവേറ്റത്.
ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷം എത്തിയിരുന്നു. ന്യൂസിലന്‍ഡിലെ ഓക് ലന്‍ഡില്‍ പുതുവര്‍ഷത്തെ വമ്പന്‍ ആഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ആകാശത്ത് വര്‍ണക്കാഴ്ച തീര്‍ത്ത് പടക്കം പൊട്ടിച്ചും മറ്റുമാണ് പുതുവര്‍ഷത്തെ വരവേറ്റത്. 2025നെ വരവേല്‍ക്കാന്‍ വന്‍ജനാവലിയാണ് തെരുവുകളില്‍ തടിച്ചുകൂടിയത്.
ടോംഗ, സമോവ, ഫിജി എന്നീ രാജ്യങ്ങലാണ് ന്യൂസിലാന്റിന് തൊട്ടുപിന്നാലെ പുതുവര്‍ഷം ആഘോഷിച്ചത്. പിന്നീട് ക്വീന്‍സ്ലാന്‍ഡും വടക്കന്‍ ഓസ്‌ട്രേലിയയും പുതുവര്‍ഷം ആഘോഷിക്കും. ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവര്‍ഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവര്‍ഷാഘോഷം.രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കന്‍ പുതുവര്‍ഷം. ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പതിനാറാമതായാണ് ഇന്ത്യയില്‍ പുതുവര്‍ഷം പിറവിയെടുക്കുന്നത്. ശ്രീലങ്കയും ഇന്ത്യക്കൊപ്പം പുതുവര്‍ഷത്തെ വരവേല്‍ക്കും. പുതുവര്‍ഷം അവസാനമെത്തുക യുഎസിലെ ബേക്കര്‍, ഹൗലന്‍ഡ് ദ്വീപുകളിലാണ്. ജനവാസമില്ലാത്ത ദ്വീപുകളാണിവ.