കൊച്ചി: പതുവത്സര ആഘോഷത്തിനു മദ്യപിച്ചു ഫിറ്റായാലും സാരമില്ല! വീട്ടിലെത്തിക്കാന്‍ ആളുണ്ട്. എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (ആര്‍ടിഒ) പുതുവഴിയാണ് ഇതിനായി ഒരുക്കിയത്. പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു എറണാകുളത്തെ ബാര്‍ ഹോട്ടലുകളില്‍ പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കാനാണ് ആര്‍ടിഒ നിര്‍ദ്ദേശം. പുതുവത്സരത്തിനു മദ്യപിച്ചു വാഹനമോടിക്കുന്നതു തടയാനാണ് ആര്‍ടിഒ പുതുവഴി അവതരിപ്പിച്ചത്.
മദ്യപിച്ചു വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന റോഡപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണു ബാറുകള്‍ ഉള്ള എല്ലാ ഹോട്ടലുകളും ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നു നിര്‍ദ്ദേശിച്ചത്. ഹോട്ടലുകള്‍ പ്രൊഫഷണല്‍ ഡ്രൈവര്‍മാരെ ഇതിനായി ക്രമീകരിക്കണം. ഹോട്ടലുകളില്‍ എത്തുന്നവരോട് ഇത്തരം ഡ്രൈവര്‍മാരുടെ സേവനമുണ്ടെന്നു അറിയിക്കണം. നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കണം.
ഡ്രൈവറെ നല്‍കുക മാത്രമല്ല ഹോട്ടലുകാര്‍ വേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചു ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തണമെന്നും ആര്‍ടിഒ നിര്‍ദ്ദേശത്തിലുണ്ട്. ഇക്കാര്യം ഹോട്ടലുകളില്‍ ശരിയായി കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം. ഡ്രൈവര്‍മാരുടെ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ അതിനെക്കുറിച്ചു പറയുന്നത് രജിസ്റ്ററ് രേഖപ്പെടുത്തണം. ഇത് അധികൃതര്‍ പരിശോധിക്കും.
ഡ്രൈവര്‍മാരുടെ സേവനം ഉപയോ?ഗിക്കാന്‍ വിസമ്മതിക്കുകയും മദ്യ ലഹരിയില്‍ വാഹനമോടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ഹോട്ടല്‍ അധികൃതര്‍ ഉടനെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ആര്‍ടിഒയെയോ അറിയിക്കണം. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിലെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.