കൊച്ചി: ഉമാ തോമസ് എം.എല്‍.എ അപകടത്തില്‍പെട്ട കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. മൃദംഗ വിഷന്‍ എംഡി നിഗേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
എംഎല്‍എ അപകടത്തില്‍പ്പെടാന്‍ ഇടയാക്കിയ പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് ജിസിഡിഎയുടെ കണ്ടെത്തല്‍. സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ജിസിഡിഎ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘാടകരായ മൃദംഗ മിഷനും സ്റ്റേജ് നിര്‍മ്മിച്ച കരാര്‍ ജീവനക്കാര്‍ക്കും എതിരായാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. .എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം എന്ന കരാര്‍ ലംഘിച്ചാണ് സംഘാടകര്‍ പരിപാടി നടത്തിയതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.
ഉറപ്പുള്ള ബാരിക്കേറ്റുകള്‍ സ്ഥാപിക്കുകഎന്ന പ്രാഥമിക സുരക്ഷ നടപടി പോലും സംഘാടകര്‍ സ്വീകരിച്ചില്ലെന്ന് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകട സ്ഥലത്ത് ജിസിഡിഎ എന്‍ജിനീയര്‍മാരും ഫോറന്‍സിക് വിഭാഗവും പൊലീസും പരിശോധന നടത്തി.