മുംബയ്: മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ ഇടിച്ച് ഒരു തൊഴിലാളി കൊല്ലപ്പെട്ടു. മുംബയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ നടിക്കും ഡ്രൈവര്‍ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഊര്‍മിള കൊട്ടാരെ വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തൊഴിലാളികളുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഒരു തൊഴിലാളി സംഭവസംഥലത്ത് തന്നെ മരിച്ചു.
മറ്റൊരാള്‍ക്ക് ഗുരുതരായ പരിക്കേറ്റു. കാറിന്റെ എയര്‍ബാഗുകള്‍ യഥാസമയം പ്രവര്ത്തിച്ചതിനാള് നടിക്ക് വലിയ പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ നടിയുടെ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നടിയുടെ ഡ്രൈവര്‍ക്കെതിരെ സമതാ നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. നടനും സംവിധായകനുമായ അദിനാഥ് കോട്ടാരെയുടെ ഭാര്യയാണ് ഊര്‍മിള.