ബെംഗളൂരു: ഫിന്‍ടെക് കമ്പനിയുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയ കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസ്. ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രീം പ്ലഗ് പേടെക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (CRED) എന്ന കമ്പനിയില്‍നിന്ന് 12 കോടിയിലധികം രൂപ പ്രതികള്‍ തട്ടിയെന്നാണ് കേസ്. ഗുജറാത്ത് ആക്‌സിസ് ബാങ്കിലെ കോര്‍പ്പറേറ്റ് ഡിവിഷന്‍ മാനേജറുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്.
ഡ്രീം പ്ലഗ് പേടെക് നവംബറില്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കമ്പനിയുടെ അക്കൗണ്ടില്‍നിന്നും 12.51 കോടി രൂപ നഷ്ട്ടപെട്ടെന്നായിരുന്നു പരാതി. ബെംഗളൂരുവിലെ ആക്‌സിസ് ബാങ്കിന്റെ ഇന്ദിരാനഗര്‍ ശാഖയിലുള്ള കമ്പനിയുടെ നോഡല്‍, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ്, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിലാസങ്ങളിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ കടന്നുകൂടിയതായി കണ്ടെത്തുന്നത്. കമ്പനി അക്കൗണ്ടില്‍നിന്നും 12.51 കോടി രൂപ ഗുജറാത്തിലെയും രാജസ്ഥാനിലെയും 17 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി.
കമ്പനിയുടെ വിവരങ്ങളും വ്യാജ കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് (സിഐബി) ഫോമുകളും വ്യാജ ഒപ്പുകളും സീലുകളും ഉപയോഗിച്ചാണ് പ്രതികള്‍ ഇത് ചെയ്തതെന്നാണ് പൊലീസ് അനേഷ്വണത്തില്‍ പുറത്തുവന്നത്. തുടര്‍ന്ന് ഗുജറാത്ത് ആക്‌സിസ് ബാങ്കിലെ കോര്‍പ്പറേറ്റ് ഡിവിഷന്‍ മാനേജര്‍ വൈഭവ് പിദാത്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മൂന്നുപേരുമായി ചേര്‍ന്ന് കമ്പനിയുടെ ഡാറ്റ മോഷ്ടിച്ച് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രതികളില്‍നിന്നും 1.83 കോടി രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ഒരു വ്യാജ സിഐബി ഫോമും പിടിച്ചെടുത്തതായി ബെംഗളൂരു ?പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ പറഞ്ഞു.