CrimeNEWS

പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി; മുന്‍ എംഎല്‍എ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാര്‍

കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. സിപിഎമ്മിന്റെ ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ജനുവരി 3നു വിധിക്കും. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷം എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത്ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. ആകെ 24 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയ 14 പ്രതികളില്‍ ഒന്നു മുതല്‍ 8 വരെ പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണ്. ഒന്നാം പ്രതി പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്‍, രണ്ടാം പ്രതി പീതാംബരന്റെ സഹായിയും സുഹൃത്തുമായ സി.ജെ.സജി, മൂന്നാം പ്രതി കെ.എം.സുരേഷ്, നാലാം പ്രതി കെ.അനില്‍കുമാര്‍, അഞ്ചാം പ്രതി ജിജിന്‍, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ.അശ്വിന്‍, എട്ടാം പ്രതി സുബിന്‍ എന്നിവര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളത്. 10ാം പ്രതി ടി.രഞ്ജിത്, 14ാം പ്രതി ഉദുമ മുന്‍ ഏരിയ സെക്രട്ടറിയായ കെ.മണികണ്ഠന്‍, 15 ാം പ്രതി വിഷ്ണു സുര, 20ാം പ്രതി ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി, 22ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി.

Signature-ad

ഇവര്‍ക്കെതിരെ തെളിവു നശിപ്പിക്കല്‍, പ്രതികളെ രക്ഷപെടാന്‍ സഹായിക്കല്‍, ഗൂഢാലോചന കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയെ കെ.വി.കുഞ്ഞിരാമന്‍ സ്റ്റേഷനില്‍ നിന്നു ബലമായി ഇറക്കിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിനാണ് പ്രതിയായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: