കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്ന (30) യാണ് മൂക്കിന്റെ ദശവളര്‍ച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോള്‍ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി.
ഒക്ടോബര്‍ 24-നായിരുന്നു ശസ്ത്രക്രിയ. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം കണ്ണിന് മങ്ങല്‍ വന്നിട്ടുണ്ടെന്ന് അപ്പോള്‍ത്തന്നെ രസ്ന ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നീര്‍ക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു. വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നുതുടുത്തതോടെ ഡോക്ടര്‍മാര്‍ നേത്രരോഗ വിദഗ്ധരെ കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതായി മനസിലായി. ഉടനെ ചികിത്സ നല്‍കണമെന്നും നേത്രചികിത്സാ വിദഗ്ധര്‍ നിര്‍ദേശിച്ചു. വീണ്ടും മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ രക്തം കട്ട പിടിച്ചത് അലിയിക്കാന്‍ കുത്തിവെപ്പെടുത്തു. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞത്.
പിറ്റേന്ന് രാത്രിയായിട്ടും മാറ്റമില്ലാതായതോടെ ഡിസ്ചാര്‍ജ് ചെയ്ത് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാസ്പത്രിയിലെത്തി പരിശോധിച്ചു. അപ്പോഴാണ് വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. ചികിത്സിച്ച് പഴയ രൂപത്തിലാക്കാന്‍ കഴിയില്ലെന്നും വലതുമൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും കണ്ടെത്തി. കണ്ണൂര്‍ സര്‍വകലാശാല താവക്കര കാംപസിലെ അക്ഷയ കേന്ദ്രത്തില്‍ ജീവനക്കാരിയാണ് രസ്ന.