Breaking NewsBusinessIndiaLead NewsNEWS

തകർന്നടിഞ്ഞ് രാജ്യത്തെ ​ഗ്ലാസ് വ്യവസായം; മരുന്നിനു പോലു കുപ്പികൾ കിട്ടാനില്ല; വിലയും കുതിച്ചുയരുന്നു

യു.പി: പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടത് ഇന്ത്യയിലെ ഗ്ലാസ് വ്യവസായത്തെയും ഗുരുതരമായി ബാധിക്കുന്നു. ‘ഗ്ലാസ് സിറ്റി’യായ ഫിറോസാബാദിൽ ഉത്പാദനം പകുതിയായി കുറഞ്ഞതോടെ മരുന്നുകുപ്പികൾക്കും പാനീയ കുപ്പികൾക്കും കടുത്ത ക്ഷാമവും വിലക്കയറ്റവും നേരിടുന്നു.

പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയിലെ ഗ്ലാസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. രാജ്യത്തെ പ്രശസ്തമായ ‘ഗ്ലാസ് സിറ്റി’ ആയ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇന്ധനക്ഷാമം മൂലം ഉല്‍പ്പാദനം പകുതിയായി കുറഞ്ഞു. ഇതോടെ മരുന്നുകുപ്പികള്‍, ശീതളപാനീയ കുപ്പികള്‍, ജാം ഭരണികള്‍ എന്നിവയ്ക്ക് വിപണിയില്‍ കടുത്ത ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെട്ടു തുടങ്ങി.

Signature-ad

ചൂടുകാലം എത്തിയതോടെ ശീതളപാനീയങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ പാനീയങ്ങള്‍ നിറയ്ക്കാനുള്ള ഗ്ലാസ് കുപ്പികള്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ബെംഗളൂരുവിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പായ ‘മോസന്റ് ക്രാഫ്റ്റ് കൊംബുച്ച’യുടെ സഹസ്ഥാപകന്‍ ശിശിര്‍ സത്യന്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുപ്പികള്‍ക്കായി നെട്ടോട്ടമോടുകയാണെന്നും ഉല്‍പ്പാദനച്ചെലവ് കൂടിയതോടെ പരസ്യങ്ങളും ഡിസ്‌കൗണ്ടുകളും വെട്ടിക്കുറയ്‌ക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.

മദ്യക്കുപ്പികള്‍ നിര്‍മ്മിക്കുന്ന രാധികോ ഖൈതാന്‍, ജാം ഭരണികള്‍ നിര്‍മ്മിക്കുന്ന ടോപ്സ് തുടങ്ങിയ വന്‍കിട കമ്പനികളെയും പ്രതിസന്ധി ബാധിച്ചു. പെര്‍ഫ്യൂം, കോസ്‌മെറ്റിക്‌സ് മേഖലകളില്‍ ജൂലൈയോടെ 20 മുതല്‍ 40 ശതമാനം വരെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

നാനൂറ് വര്‍ഷത്തെ പാരമ്പര്യമുള്ള ഫിറോസാബാദിലെ ഗ്ലാസ് വ്യവസായം പൂര്‍ണ്ണമായും പ്രകൃതിവാതകത്തെയാണ് ആശ്രയിക്കുന്നത്. താജ്മഹലിന് സമീപമായതിനാല്‍ കല്‍ക്കരിയോ മറ്റ് മലിനീകരണമുണ്ടാക്കുന്ന ഇന്ധനങ്ങളോ ഇവിടെ ഉപയോഗിക്കാന്‍ അനുവാദമില്ല. 1500 ഡിഗ്രി സെല്‍ഷ്യസിലാണ് ഇവിടുത്തെ ചൂളകള്‍ പ്രവര്‍ത്തിക്കുന്നത്. ഗ്യാസ് ലഭ്യത കുറഞ്ഞ് ചൂളകള്‍ ഒരിക്കല്‍ തണുത്തുപോയാല്‍ അത് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കോടിക്കണക്കിന് രൂപ വേണ്ടിവരും. മാസങ്ങളോളം സമയവുമെടുക്കും. പ്രമുഖ നിര്‍മ്മാതാക്കളായ ശ്രീ സീതാറാം ഗ്ലാസ് വര്‍ക്‌സ് ഉല്‍പ്പാദനം 50 ശതമാനമായി കുറച്ചു കഴിഞ്ഞു

യുദ്ധം മൂലം ഇറക്കുമതി തടസപ്പെട്ടതോടെ ഗുജറാത്തിലെ മാര്‍ച്ച ഗ്ലാസ് തങ്ങളുടെ അഞ്ച് പ്രൊഡക്ഷന്‍ ലൈനുകളില്‍ രണ്ടെണ്ണം അടച്ചുപൂട്ടി. അസമിലെ ഏക ഗ്ലാസ് നിര്‍മ്മാണ യൂണിറ്റായ ഐക്കോണിക് ഗ്ലാസും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡാബര്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ക്ക് മരുന്നുകുപ്പികള്‍ നല്‍കുന്നത് ഇവരാണ്.

രാജ്യത്തെ പാചകവാതക ആവശ്യത്തിന്റെ 90 ശതമാനവും വരുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇന്ധന ഇറക്കുമതി നീക്കം തടസപ്പെട്ടതാണ് ​ഗ്ലാസ് വ്യവസായത്തിനും വിനയായത്. അമേരിക്കയും ഇറാനും തമ്മില്‍ നിലവില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം നിലനില്‍ക്കുമെന്ന കാര്യത്തില്‍ വ്യവസായികള്‍ക്ക് ആശങ്കയുണ്ട്.

ഗ്ലാസ് വ്യവസായത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന 25 ലക്ഷം ജനങ്ങളുള്ള ഫിറോസാബാദിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. യുദ്ധം നീണ്ടുപോയാല്‍ വിപണി സാധാരണ നിലയിലാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: