ആലപ്പുഴ: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കരുനാഗപ്പള്ളി ചക്കുപള്ളി സ്വദേശി ഷംനാദിനെ (32) ആണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചത്. പൊലീസിനെ കണ്ട് ഭയന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ബൈപാസില്‍ വിജയ് പാര്‍ക്കിന് സമീപത്താണ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കളര്‍കോട് ഭാഗത്ത് നിന്നാണ് സാമ്പത്തിക ഇടപാടിനെ കുറിച്ച് സംസാരിക്കാന്‍ യുവാവിനെ സംഘം കാറില്‍ കയറ്റിയത്. സംസാരം തര്‍ക്കത്തിലേക്ക് കടന്നതോടെ യുവാവ് കാറിന്റെ സ്റ്റിറയിങ് പിടിച്ചു തിരിച്ചു. ഇതോടെ നിയന്ത്രണം വിട്ട് വാഹനം ബൈപാസിന്റെ കൈവരിയില്‍ ഇടിച്ചു നിന്നു. ഇതിന് പിന്നാലെ യുവാവ് കാറില്‍ നിന്ന് പുറത്തിറങ്ങി കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്ത ശേഷം കൊമ്മാടി ഭാഗത്തേക്ക് ഓടി.
സംഭവം ബൈപാസില്‍ പട്രോളിങ് നടത്തുകയായിരുന്ന ബൈപാസ് ബീക്കണ്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പിന്നാലെ വന്ന മറ്റൊരു കാറില്‍ കയറി കടന്നു കളയുകയായിരുന്നു. പൊലീസ് അപകടത്തില്‍പെട്ട കാര്‍ കസ്റ്റഡിയിലെടുത്തു. യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ഇരുകൂട്ടരും പരിചയക്കാരാണെന്നും സാമ്പത്തിക ഇടപാടാണു സംഭവത്തിനു പിന്നിലെന്നും സൗത്ത് ഇന്‍സ്‌പെക്ടര്‍ കെ ശ്രീജിത്ത് പറഞ്ഞു.