മുംബൈ: ഇന്ത്യയില്‍നിന്ന് കാനഡയിലേക്ക് സ്റ്റുഡന്റ് വിസയുടെ മറവില്‍ മനുഷ്യക്കടത്ത് നടക്കുന്നുവെന്ന് ഇഡി കണ്ടെത്തല്‍. മനുഷ്യക്കടത്തുകാര്‍ യുഎസ്-കാനഡ അതിര്‍ത്തിയില്‍ കൊടുംശൈത്യത്തില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഗുജറാത്തി കുടുംബം മരവിച്ചു മരിച്ച കേസിന്റെ അന്വേഷണമാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് 2022 ജനുവരി 19നാണ് യുഎസ്-കാനഡ അതിര്‍ത്തിയില്‍ കൊടും ശൈത്യത്തില്‍ നാലംഗ ഗുജറാത്തി കുടുംബം മരവിച്ചു മരിച്ച ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ജഗദീഷ് പട്ടേല്‍ (39), ഭാര്യ വൈശാലി (35), ഇവരുടെ 11 വയസുകാരിയായ മകള്‍, മൂന്നു വയസുകാരനായ മകനുമാണ് അനധികൃതമായി യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മരിച്ചത്. കനത്ത മഞ്ഞുവീഴ്ചക്കിടെ മനുഷ്യക്കടത്തുകാര്‍ ഇവരെ അതിര്‍ത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
മൂന്ന് വര്‍ഷത്തിനു ശേഷം പട്ടേല്‍ കുടുംബത്തിന്റെ കേസില്‍ ഉള്‍പ്പെട്ട ഏജന്റുമാര്‍ക്കെതിരായ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കാനഡയിലെ 260 കോളേജുകള്‍ ഉള്‍പ്പെടുന്ന മനുഷ്യക്കടത്തുകാരുടെ ഒരു അന്താരാഷ്ട്ര സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇഡി കണ്ടെത്തിയത്. സ്റ്റുഡന്റ് വിസ വഴി ഇന്ത്യന്‍ പൗരന്മാരെ കാനഡ വഴി യുഎസില്‍ എത്തിക്കുമെന്നാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി 55 മുതല്‍ 60 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. വിസക്ക് അപേക്ഷിക്കുന്നവര്‍ കാനഡയില്‍ എത്തിക്കഴിഞ്ഞാല്‍, കോളജുകളില്‍ ചേരുന്നതിന് പകരം യുഎസ്-കാനഡ അതിര്‍ത്തി കടക്കുന്നു. പിന്നീട്, കോളജുകളില്‍ അടച്ച ഫീസ് വ്യക്തികളുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്നുവെന്നാണ് ഇഡി പറയുന്നതു.
ഡിസംബര്‍ 10, 19 തീയതികളില്‍ മുംബൈ, നാഗ്പൂര്‍, ഗാന്ധിനഗര്‍, വഡോദര എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ മുംബൈയും നാഗ്പൂരും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഏജന്റുമാര്‍ മുഖേന പ്രതിവര്‍ഷം 35,000 ഓളം ആളുകളാണ് അനധികൃതമായി വിദേശത്തേക്ക് കുടിയേറിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്തില്‍ 1,700ഓളം ഏജന്റുമാരും ഇന്ത്യയിലുടനീളം 3,500ഓളം പേരും ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 800ല്‍ കൂടുതല്‍ പേര്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ സജീവമാണ്.
പരിശോധനയിലൂടെ 19 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങള്‍ ഇഡി മരവിപ്പിക്കുകയും, രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും കുറ്റകരമായ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.