തൃശൂര്‍: പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കാരള്‍ ഗാനം ആലപിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്‌ഐ വിജിത്ത് അവധിയില്‍ പ്രവേശിച്ചു. പള്ളിമുറ്റത്ത് എത്തി മൈക്ക് ഓഫ് ചെയ്യാനും കാരള്‍ ഗാനം നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ട എസ്‌ഐയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. കാരള്‍ മുടങ്ങിയത് എസ്‌ഐയുടെ ഭീഷണി മൂലമാണെന്ന് പള്ളി അധികൃതര്‍ ആരോപിച്ചു.
പള്ളിക്കമ്മിറ്റിക്കാരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് തെളിയിക്കാന്‍ എസ്‌ഐ ഓഡിയോ സന്ദേശങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറി. സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പാലയൂര്‍ പള്ളി അങ്കണത്തിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പാണ് എസ്‌ഐയുടെ ഭീഷണി ഉണ്ടായത്. ഇതേത്തുടര്‍ന്ന് കാരള്‍ മുടങ്ങിയിരുന്നു. ശനിയാഴ്ച മുതല്‍ എസ്‌ഐക്ക് ശബരിമല ഡ്യൂട്ടിയാണ്. എസ്‌ഐക്കെതിരെ സിപിഎം ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ പാലയൂര്‍ പള്ളിയിലെത്തും.
പള്ളി അങ്കണത്തില്‍ 24ന് രാത്രി ഒന്‍പതോടെ തുടങ്ങാനിരുന്ന കാരള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് ചാവക്കാട് എസ്‌ഐ വിജിത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. പള്ളി മുറ്റത്തെ വേദിയിലൊരുക്കിയ നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് കമ്മിറ്റിക്കാര്‍ വിവരം ധരിപ്പിച്ചു. എസ്‌ഐക്കു ഫോണ്‍ നല്‍കാന്‍ സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്‌ഐ സംസാരിക്കാന്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്.