കാസര്‍കോഡ്: കുമ്പളയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പാഞ്ഞു കയറി കാട്ടുപന്നി. കുമ്പള ടൗണിലുള്ള സ്മാര്‍ട്ട് ബസാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കയറി സാധനങ്ങള്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞത്. അല്‍പ സമയം സാധനങ്ങള്‍ക്കിടയിലൂടെ പാഞ്ഞ ശേഷം കയറിയ വാതിലിലൂടെ തന്നെ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അധികം ആളുകള്‍ ഇല്ലാത്ത സമയത്തായിരുന്നു പന്നി കയറിയത്. അതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
കാട്ടുപന്നിയുടെ പരാക്രമം കണ്ടുകൊണ്ടിരുന്ന ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കുമ്പളയിലും പരിസര പ്രദേശത്തും കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനിടെ രാത്രി കാട്ടുപന്നി ഇടിച്ച് പരിക്കേല്‍ക്കുന്നതു പോലുള്ള സംഭവങ്ങളും കുമ്പളയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.