തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് 16 മാസം ശേഷിക്കേ, സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഭരണത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ മുഖ്യമന്ത്രിസ്ഥാനം ഉറപ്പിക്കാനുള്ള കരുനീക്കങ്ങളിലാണ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളവര്‍. മത, സാമുദായിക പിന്തുണ കൂടി ഉറപ്പിക്കാനുള്ള തന്ത്രങ്ങളില്‍ ഇവരില്‍ ആര്, ആരെ കടത്തി വെട്ടുമെന്നതിലാണ് രാഷ്ട്രീയ ചര്‍ച്ചകള്‍.
ചെന്നിത്തലയോട് എന്‍.എസ്.എസ് നേതൃത്വം പുലര്‍ത്തിവന്ന നീരസത്തില്‍ ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം മഞ്ഞുരുകിയതാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സംവാദങ്ങളില്‍ അദ്ദേഹത്തെ വീണ്ടും സജീവമാക്കിയത്. മന്നം ജയന്തി ആഘോഷച്ചടങ്ങിലേക്ക് എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ക്ഷണം. പിന്നാലെ, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ രമേശാണെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രശംസ. അതോടെ, എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും ധാര്‍മ്മിക പിന്തുണ അദ്ദേഹം ഉറപ്പിച്ച മട്ടിലാണ് പ്രചാരണം. മുസ്ലിം, ക്രൈസ്തവ പിന്തുണ ഉറപ്പിക്കാനും നീക്കം സജീവം.
അതേസമയം, യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്വാഭാവിക സ്ഥാനാര്‍ത്ഥികളില്‍ ഒരാളാവുമെന്നതില്‍ തര്‍ക്കമില്ല. അതിനു മുന്നോടിയായി, കോണ്‍ഗ്രസിലെ യുവനിരയെ ഗ്രൂപ്പുകള്‍ക്കതീതമായി തനിക്കൊപ്പം അണിനിരത്തുന്നതില്‍ സതീശന്‍ വിജയം കണ്ടു. പഴയ എ ഗ്രൂപ്പിലെ ചില മാനേജര്‍മാരുടെ കൂറും സതീശനോടാണെന്ന് പറയപ്പെടുന്നു.
എന്നാല്‍, ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും അസ്വസ്ഥരാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെ പലകാര്യങ്ങളും കൂടിയാലോചിക്കാതെ തങ്ങളെ ഒതുക്കുന്നുവെന്നും ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്നുമാണ് അവരുടെ പരാതി. പാര്‍ട്ടി നിയമസഭാകക്ഷിക്ക് പുറമേ, സംഘടനയും കൈപ്പിടിയിലൊതുക്കാനാണ് സതീശന്റെ ശ്രമമെന്നാരോപിച്ച് വിശാല ഐ ഗ്രൂപ്പ് സജീവമാക്കി പൊരുതാനാണ് അവരുടെ ശ്രമം.
കെ.പി.സി.സി പ്രസിഡന്റ് പദത്തില്‍നിന്ന് കെ.സുധാകരനെ മാറ്റുന്ന കാര്യത്തില്‍ ഒരാലോചനയും നടന്നിട്ടില്ലെന്ന വാദവുമായി ചെന്നിത്തലയും കെ.മുരളീധരനും ശശിതരൂരും രംഗത്ത് വന്നു. മുഖ്യമന്ത്രിയാവാന്‍ ചെന്നിത്തല സര്‍വഥാ യോഗ്യനാണെന്ന് കെ.സുധാകരന്‍ ഇന്നലെ നടത്തിയ പ്രതികരണവും ശ്രദ്ധേയം.
മുസ്ലിം ലീഗ് നേതൃത്വവുമായി സൗഹൃദത്തിലായ വി.ഡി. സതീശന്‍ വിവിധ ക്രൈസ്തവ സഭകളുമായും നല്ല ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. മാരാമണ്‍ കണ്‍വെന്‍ഷനിലേക്കും സതീശന് ക്ഷണം ലഭിച്ചു. അതേസമയം, നാലുവോട്ടിന് വേണ്ടി സമുദായ നേതാക്കളുടെ തിണ്ണനിരങ്ങാനില്ലെന്ന തന്റെ പഴയ പരാമര്‍ശം തിരിഞ്ഞുകുത്തുന്നു. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി യോഗം നേതൃത്വങ്ങള്‍ക്ക് തന്നോടുള്ള നീരസത്തിന് കാരണം ഇതാവാമെന്ന് അദ്ദേഹം കരുതുന്നു. ഇത് മാറ്റിയെടുക്കാനാണ് ശ്രമം. വര്‍ഗീയതയെ എതിര്‍ക്കുന്ന സംഘടനയാണ് എന്‍.എസ്.എസെന്നും, തനിക്കെതിരായ വെള്ളാപ്പള്ളിയുടെ വിമര്‍ശനം ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുമെന്നുമുള്ള സതീശന്റെ പ്രതികരണം ഇതിന്റെ ഭാഗമാണ്.