കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്ത് തയാറാക്കിയിട്ടുള്ള പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റില്ലെന്ന് സംഘാടകര്‍. ഗാലാ ഡി ഫോര്‍ട്ട് കൊച്ചി ക്ലബ്ബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ മാറ്റണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ടാണ് ഗാലാ ഡി ഫോര്‍ട്ട് കൊച്ചിയുടെ നേതൃത്വത്തിലുള്ള പാപ്പാഞ്ഞിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ടുകൊച്ചിയിലെ വെളി മൈതാനത്ത് ഗാലാ ഡി ഫോര്‍ട്ടുകൊച്ചി നിര്‍മ്മിക്കുന്ന 50 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിര്‍മ്മാണം തടഞ്ഞു കൊണ്ട് പൊലീസ് സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടി കാട്ടി 24 മണിക്കൂറിനുള്ളില്‍ പപ്പാഞ്ഞിയെ പൊളിച്ചുമാറ്റാനായിരുന്നു നോട്ടീസ്.
കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. പുതുവര്‍ഷത്തില്‍ ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിക്ക് മാത്രമാണ് അനുവാദം നല്‍കിയിരിക്കുന്നതെന്നുമാണ് പോലീസ് നല്‍കിയിരിക്കുന്ന നോട്ടീസില്‍ പറയുന്നത്.