ന്യൂഡല്‍ഹി: സ്വകാര്യ സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം അയച്ചത് അതേ സ്‌കൂളിലെ വിദ്യാര്‍ഥി. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്‌കൂളിനാണ് അതേ സ്‌കൂളിലെ വിദ്യാര്‍ഥി ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം അയച്ചത്. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറാനായാണ് വിദ്യാര്‍ഥി ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് ഗുരു?ഗ്രാമിലെ സെക്ടര്‍ 65-ലെ ശ്രീറാം മില്ലേനിയം സ്‌കൂളിന് ബോംബ് ഭീഷണി ലഭിച്ചത്. ഉടന്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സന്ദേശം അയച്ചത് അതേ സ്‌കൂളിലെ 12-കാരനായ വിദ്യാര്‍ഥിയാണെന്ന് കണ്ടെത്തിയത്.
ക്ലാസുകള്‍ ഓണ്‍ലൈനായി മാറാന്‍ വേണ്ടിയാണ് താന്‍ ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു. ഗൗരവം മനസിലാക്കാതെയാണ് താനിത് ചെയ്തതെന്നും കുട്ടി പറഞ്ഞു. അന്വേഷണവുമായി കുട്ടി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.