കൊച്ചി: രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാന്‍ നടപടി. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണിത്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2022-ലെ കണക്കുപ്രകാരം രാജ്യത്ത് കുറ്റക്കാരായി കണ്ടെത്തിയ തടവുകാരില്‍ 27,690 പേര്‍ 50 വയസ്സ് പിന്നിട്ടവരാണ്. 20.8 ശതമാനം വരുമിത്. വിചാരണത്തടവുകാരില്‍ പ്രായമേറിയവര്‍ 44,955. 10.4 ശതമാനം പേര്‍.
കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന 93-കാരിയുടെ ദുരന്തം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പ്രായമേറിയവരെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. സംസ്ഥാനത്ത് 70 വയസ്സ് പിന്നിട്ട തടവുകാരെല്ലാം മോചിതരാകും.. ഇവരില്‍ പലരും ജീവപര്യന്തം തടവുള്‍പ്പെടെ അനുഭവിക്കുന്നവരാണ്. കൊലപാതകക്കേസിലെ പ്രതികളടക്കമുണ്ടിതില്‍.
സര്‍വേയുടെ അടിസ്ഥാനത്തില്‍ വിവരം ക്രോഡീകരിച്ച് ജനുവരി ആദ്യവാരം അന്തിമ ലിസ്റ്റ് തയ്യാറാക്കും. അതിനുശേഷം ലീഗല്‍ സര്‍വീസ് അതോറിറ്റിവഴി ജയില്‍മോചനത്തിനുള്ള നിയമനടപടി സ്വീകരിക്കും. മാര്‍ച്ച്് 10 വരെയാണ് ഇതുസംബന്ധിച്ച കാമ്പയിന്‍.