വാഷിംഗ്ടണ്‍: ഇ കൊമേഴ്സ് ഭീമനായ ആമസോണിന്റെ യുഎസ് ഓഫീസുകളില്‍ ജീവനക്കാര്‍ പണിമുടക്കില്‍. ന്യൂയോര്‍ക്ക്, അറ്റ്‌ലാന്റ, സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ തുടങ്ങി പ്രധാന നഗരങ്ങളിലടക്കമുള്ള പത്ത് ഓഫീസുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. മെച്ചപ്പെട്ട വേതനം, തൊഴില്‍ സാഹചര്യങ്ങള്‍, മെച്ചപ്പെട്ട ചികിത്സ സഹായം എന്നിവ സംബന്ധിച്ച് യൂണിയനുമായി കമ്പനി മാനേജ്മന്റ് കരാറില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ടാണ് ക്രിസ്മസിന് ഒരാഴ്ച മാത്രം ശേഷിക്കെ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്.
വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കാലത്താണ് ജീവനക്കാരുടെ സമരം. തല്‍ഫലമായി മേഖലയിലെ പാക്കേജ് ഡെലിവെറിയില്‍ കാലതാമസമുണ്ടാകുമോയെന്ന് ആശങ്കകളുണ്ട്. എന്നാല്‍ തൊഴിലാളികളുടെ നീക്കം കമ്പനി പ്രവര്‍ത്തനങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ആമസോണ്‍ പ്രതികരിച്ചു.
ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്സ് എന്ന തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. ആമസോണിലെ ആകെ ജീവനക്കാരില്‍ ഒരു ശതമാനത്തെയാണ് യൂണിയന്‍ പ്രതിനിധീകരിക്കുന്നത്.രാജ്യവ്യാപകമായി 10,000 ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. തൊഴിലാളി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിയന്‍ ആമസോണിന് ഡിസംബര്‍ 15 സമയപരിധി നല്‍കിയിരുന്നു. എന്നാല്‍ കമ്പനി ഇതിന് തയ്യാറാകാതെ വന്നതോടെയാണ് വെയര്‍ഹൗസ് തൊഴിലാളികള്‍ പണിമുടക്കിലേക്ക് നീങ്ങിയത്.
”ഈ അവധിക്കാലത്ത് നിങ്ങളുടെ പാക്കേജ് വൈകുകയാണെങ്കില്‍, ആമസോണിന്റെ അടങ്ങാത്ത അത്യാഗ്രഹത്തെ നിങ്ങള്‍ക്ക് കുറ്റപ്പെടുത്താം. ഞങ്ങള്‍ ആമസോണിന് വ്യക്തമായ സമയപരിധി നല്‍കി. അവര്‍ അത് അവഗണിച്ചു. ഈ സമരം അവര്‍ക്കെതിരെയാണ്,” ടീംസ്റ്റേഴ്സ് ജനറല്‍ പ്രസിഡന്റ് സീന്‍ ഒബ്രിയന്‍ വ്യക്തമാക്കി. ആമസോണിനെതിരെ നടന്നിട്ടുള്ള ഏറ്റവും വലിയ സമരമായതെന്നും അദ്ദേഹം പറഞ്ഞു.