KeralaNEWS

ക്ഷേത്ര ശ്രീകോവില്‍, പതിനെട്ടാം പടിയടക്കം ഓട്ടോയില്‍; രൂപമാറ്റം വരുത്തിയതിന് വമ്പന്‍ പിഴ നല്‍കി എംവിഡി

പത്തനംതിട്ട: രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ക്ഷേത്ര ശ്രീകോവിലിന്റെ മാതൃക ഓട്ടോയില്‍ കെട്ടിവച്ചിരുന്നു. ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാം പടിയടക്കമുള്ളവയുടെ മാതൃകയും കാണാം. ക്ഷേത്ര ശ്രീകോവിലിന്റെ രൂപം ഓട്ടോയ്ക്ക് പുറത്ത് തളളിനില്‍ക്കുന്നനിലയിലായിരുന്നു.

കൊല്ലം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരാണ് ഓട്ടോയിലുണ്ടായിരുന്നത്. അപകടകരമായ രീതിയില്‍ ഓട്ടോയില്‍ രൂപ മാറ്റം വരുത്തിയതിന് എംവിഡി 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. അതേസമയം, റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പരുകള്‍ മറയുന്ന തരത്തിലും വാഹനങ്ങള്‍ അലങ്കരിച്ചു കൊണ്ട് പൊതുനിരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണന്ന് എം വി ഡി അറിയിച്ചു.

Signature-ad

‘ശബരിമല തീര്‍ത്ഥാടനത്തിന്റെ ഈ കാലഘട്ടത്തില്‍ പൂക്കള്‍, മഞ്ഞള്‍, ചന്ദനം മറ്റ് അലങ്കാരങ്ങള്‍ എന്നിവകൊണ്ട് രജിസ്ട്രേഷന്‍ നമ്പര്‍ മായ്ക്കുന്ന തരത്തിലാണ് ഭൂരിഭാഗം അയ്യപ്പഭക്തരും തീര്‍ത്ഥാടനത്തിനായി ഉപയോഗിച്ചുകാണുന്നത്. കൂടാതെ വാഹനങ്ങളുടെ മുന്നിലും പിന്നിലുമുള്ള സുരക്ഷാ ഗ്ലാസുകളില്‍ പലതരം സ്റ്റിക്കറുകളും മറ്റും പതിപ്പിച്ചാണ് തീര്‍ത്ഥ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

ഇത് ഡ്രൈവറുടെ പുറമെയുള്ള കാഴ്ചയെ പരിമിതപ്പെടുത്തുകയും റോഡ് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇത്തരം നിയമനടപടികളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയതിന്റെ കൂടി അടിസ്ഥാനത്തില്‍ അപകട സാദ്ധ്യതയുള്ളതും സുരക്ഷയെ ബാധിക്കുന്നതുമായ ഇത്തരം നിയമലംഘനങ്ങള്‍ ഒഴിവാക്കണം.’- എംവിഡി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: