IndiaNEWS

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് വിവാഹം നടത്തി യുവതിയുടെ ബന്ധുക്കൾ

പട്‌ന: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് വിവാഹം നടത്തി യുവതിയുടെ ബന്ധുക്കൾ. ബിഹാറിലാണ് സംഭവം. അധ്യാപകനായ അവ്‌നിഷ് കുമാറിനെ സ്കൂളിലേക്ക് പോകുവഴി തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുകയായിരുന്നു. നാലു വർഷമായുള്ള പ്രണയം ബന്ധം ഉപേക്ഷിച്ചതോടെയാണ് യുവതിയുടെ ബന്ധുക്കൾ ഇത്തരമൊരു കൃത്യത്തിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

ബിഹാറിലെ ബേഗുസരായ്‌ ജില്ലയിലെ രാജൗര സ്വദേശിയായ അവ്നിഷ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. ലഖിസരായ് സ്വദേശിയായ
ഗുഞ്ചൻ എന്ന യുവതിയുമായി അവ്നിഷ് കുമാർ പ്രണയത്തിലായിരുന്നുവെന്നും സർക്കാർ സ്കൂൾ അധ്യാപകനായതോടെ വർഷങ്ങളായുള്ള പ്രണയ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ആരോപണം. ഇടയ്ക്കിടെ ഹോട്ടലുകളിലും കതിഹാറിലെ അവ്‌നിഷിൻ്റെ വസതിയിലും ഒരുമിച്ച് താമസിച്ചിരുന്നതായി ഗുഞ്ചൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യുവാവ് ഇത് നിഷേധിച്ചതായാണ് വിവരം.

Signature-ad

അവ്‌നിഷിനെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിൽ വെച്ച് ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. അവ്നിഷിനെ നിരവധി പേർ ബലമായി പിടിച്ചുനിർത്തിയിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് നിർബന്ധിതമായി വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി.

പെൺകുട്ടിയോട് ഒരു സ്നേഹവും ഉണ്ടായിരുന്നില്ലെന്നും തന്നെ പെൺകുട്ടി നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നുവെന്നും യുവാവ് ആരോപിച്ചു. സംഭവദിവസം സ്‌കൂളിലേക്ക് പോകുമ്പോൾ സ്‌കോർപ്പിയോ വാഹനത്തിൽ ചിലർ തട്ടിക്കൊണ്ടുപോയി. നിർബന്ധിതമായി വിവാഹ ചടങ്ങുകൾ നടത്തുകയായിരുന്നുവെന്നും യുവാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിവാഹശേഷം യുവതിയുമായി ബന്ധുക്കൾ അവ്‌നിഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും യുവാവ് ഇവരിൽ നിന്നും രക്ഷപ്പെട്ടുവെന്നാണ് വിവരം. തുടർന്ന് അവ്‌നിഷിന്റെ വീട്ടിലെത്തിയെങ്കിലും മാതാപിതാക്കൾ സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് ഗുഞ്ചൻ, പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അവിവാഹിതരായ സർക്കാർ ജോലിയുള്ള യുവാക്കളെ തട്ടിക്കൊണ്ട് പോയി ബലമായി വിവാഹം കഴിപ്പിക്കുന്നതിനെ ‘പകഡ്വ വിവാഹ്’ എന്നാണ് ഉത്തരന്ത്യയിലറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി നടന്ന വിവാഹമാണോ ഇതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: