KeralaNEWS

രമേശോ ശോഭായോ അധ്യക്ഷ പദവിയില്‍ എത്താന്‍ സാധ്യത? ജനുവരിയോടെ സുരേന്ദ്രനെ മാറ്റും? ബിജെപിയില്‍ ചര്‍ച്ച സജീവം

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ ഉടന്‍ മാറ്റുമെന്ന് റിപ്പോര്‍ട്ട്. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ്ക്ക് താഴെത്തട്ടില്‍ തുടക്കംകുറിച്ചിരിക്കേ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതിന് അനൗപചാരിക ചര്‍ച്ചകളും സമവായസാധ്യതതേടലും തുടങ്ങിയെന്ന് റിപ്പോര്‍ട്ട്്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ താന്‍ തന്നെയാകും അധ്യക്ഷന്‍ എന്ന സൂചനയാണ് അണികള്‍ക്ക് കെ സുരേന്ദ്രന്‍ നല്‍കുന്നത്. ഇതിനിടെയായണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ബൂത്തുതലത്തിലുള്ള തിരഞ്ഞെടുപ്പാണ് ബിജെപിയില്‍ നടക്കുകയാണ്. അതിനുശേഷം മണ്ഡലം, ജില്ല പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുപ്പിലേക്ക് എത്താന്‍ ജനുവരി അവസാനമാകും. ഫെബ്രുവരിയോടെ മാത്രമേ പുതിയ സംസ്ഥാന അധ്യക്ഷന്‍ ചുമതലയേല്‍ക്കൂ. ഇതില്‍ സംസ്ഥാന അധ്യക്ഷനെ ദേശീയ നേതൃത്വം നോമിനേറ്റ് ചെയ്യും. സമാനമായി ജില്ലാ അധ്യക്ഷന്മാരേയും നോമിനേറ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ എത്തിയ ശേഷമേ ജില്ലാ പ്രസിഡന്റുമാര്‍ ഉണ്ടാകൂ.

Signature-ad

തിരഞ്ഞെടുപ്പെന്ന് പറയുന്നുണ്ടെങ്കിലും എല്ലാ തലത്തിലും സമവായത്തിന്റെ അടിസ്ഥാനത്തില്‍ നേതൃത്വം പുതിയ അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എം.ടി.രമേശിന് അനുകൂലമായി സമവായം ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്. അതേസമയം പാര്‍ട്ടി ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍ വരുമെന്നാണ് സൂചനകള്‍. രമേശിന് അനുകൂലമായി അന്തിമഘട്ടത്തില്‍ അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവരാം. ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യവും സംഘടനാപാടവവും എം.ടി.രമേശിന് അനുകൂലമായ ഘടകങ്ങളാണ്. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ വോട്ട് വിഹിതം ഉയര്‍ത്തിയത് ശോഭാ സുരേന്ദ്രന് തുണയാകുമെന്നും പറയുന്നു.

മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇപ്പോള്‍ത്തന്നെ ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന് ദേശീയതലത്തില്‍ പ്രധാന സംഘടനാപദവികള്‍ ലഭിച്ചേക്കും. സംസ്ഥാന അധ്യക്ഷപദവി ലക്ഷ്യമാക്കി പാര്‍ട്ടിയില്‍ ചരടുവലികള്‍ ഉണ്ട്. പക്ഷേ സംസ്ഥാന അധ്യക്ഷന്‍ ആരാകണം എന്നതില്‍ ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കുക. ആര് അധ്യക്ഷനാകുന്നതാകും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുണകരമാകുക എന്നത് സംബന്ധിച്ച് ദേശീയ നേതൃത്വം അവരുടേതായ വിവരശേഖരണവും വിലയിരുത്തലും നടത്തുന്നുണ്ട്. കേരളത്തിലെ ആര്‍.എസ്.എസ്. നേതൃത്വവുമായും ചര്‍ച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം. ആര്‍എസ്എസ് തീരുമാനവും അതിനിര്‍ണ്ണായകമാകും.

കേരള ബി.ജെ.പിയില്‍ വന്‍ പൊളിച്ചു പണി നടക്കും എന്നാണ് സൂചന. സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ സംസ്ഥാന കോര്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ജില്ലാ കമ്മിറ്റികളുടെ എണ്ണം ഇരട്ടിയിലധികമാകും. 31 ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളുമുണ്ടാകും. പത്തുലക്ഷം ജനസംഖ്യയുള്ള മേഖലകളെ തിരിച്ചാണ് ഓരോ ജില്ലയാക്കുക. അഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാവും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകള്‍ക്കാണ് മൂന്ന് ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കുക.

ഇക്കാര്യങ്ങളില്‍ എല്ലാം ദേശീയ നേതൃത്വത്തിന്റെ അന്തിമ തീരുമാനം ഉടനുണ്ടാകും. കൂടുതല്‍ ജില്ലാ കമ്മറ്റികളെന്ന നിര്‍ദ്ദേശം ദേശീയ നേതൃത്വം തള്ളാനും സാധ്യതയുണ്ട്. ഇതിലും ആര്‍എസ്എസ് തീരുമാനമാകും നിര്‍ണ്ണായകം. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കലാണ് തീരുമാനത്തിന് പിന്നിലെ ലക്ഷ്യം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: