KeralaNEWS

ആ 4 പേരും ഉറ്റകൂട്ടുകാർ: റിദയും ആയിഷയും  ഇർഫാനയും നിദയും ഒരുമിച്ച് മടങ്ങി; ഖബറക്കടം ഉച്ചയ്ക്ക് 

      പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ഉണ്ടായ അപകടം കവർന്നത് ഒരേ നാട്ടുകാരായ 4 ഉറ്റ കൂട്ടുകാരികളെ. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ 4 പെൺകുട്ടികളുടെ ജീവനാണ് അകാലത്തിൽ പൊലിഞ്ഞത്. കരിമ്പ തുപ്പനാട് ചെറുവള്ളി അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ- സജ്‌ന ദമ്പതികളുടെ മകൾ ആയിഷ എഎസ്, പിലാതൊടി വീട്ടിൽ അബ്ദുൾ റഫീക്ക്- സജീന ദമ്പതികളിടെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീം – നബീസ ദമ്പതികളിടെ മകൾ നിദ ഫാത്തിമ കെഎം, അബ്ദുൾ സലാം- ഫരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൽ പിഎ എന്നിവരെയാണ് മരണം കവർന്നത്.

കരിമ്പ ഹയർ സെക്കൻഡറി സ്കൂളിൽനിന്നു പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു അജ്ന ഷെറിൻ, നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ.എസ്.ആയിഷ എന്നീ 5 വിദ്യാർത്ഥിനികൾ. അപകടത്തിൽ ദൂരേക്കു വീണതിനാൽ അജ്ന രക്ഷപ്പെട്ടു. മറ്റ് 4 പേരും ദാരുണമായി മരണപ്പെട്ടു.. ആയിഷ 8 ഇ ഡിവിഷനിലും മറ്റു 4 പേർ ഡി ഡിവിഷനിലുമായിരുന്നു. ദിവസവും ഒരുമിച്ചാണു ഈ 5 പേരും സ്കൂളിൽ പോയിവന്നിരുന്നത്. ഇർഫാനയെ ഡെന്റൽ ഡോക്ടറെ കാണിക്കാൻ ഉമ്മ ഫാരിസ പനയമ്പാടത്തു കാത്ത് നിന്നിരുന്നു. ഇർഫാന ഉമ്മയെ കണ്ട നിമിഷത്തിലാണു ലോറി വന്നിടിച്ചത്.

Signature-ad

ഇന്നാല വൈകിട്ട് 3:46നാണ് അപകടം. 4 വിദ്യാർഥിനികളും ലോറിക്കടിയിലായി. ഒപ്പമുണ്ടായിരുന്ന അജ്ന ഷെറിൻ കുഴിയിലേക്ക് വീണതിനാൽ രക്ഷപ്പെടുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ചു ലോറി ഉയർത്തിയാണ് നാലുപേരെയും പുറത്തെടുത്തത്. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.

സിമന്റ് ലോറി പൊടിപറത്തി മറിഞ്ഞുകിടക്കുന്നതാണു നാട്ടുകാർ കണ്ടത്. ആളുകൾ ഓടിക്കൂടുമ്പോൾ അജ്ന വിറച്ചുനിൽക്കുകയായിരുന്നു. വൈകിട്ട് വീട്ടിൽ എത്തിയിട്ടും അപകടമോർത്തു കരയുകയാണ് കുട്ടി.

എംപി ഫണ്ട് ഉപയോഗിച്ചു നിർമിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദഘാടന പരിപാടിയുടെ ഭാഗമായി നിശ്ചയിച്ച ഒപ്പനയിൽ മണവാട്ടിയാകാൻ തയ്യാറെടുക്കുമ്പോഴാണ് ആയിഷയെ മരണമെടുത്തത്. രണ്ടാം ക്ലാസ് മുതൽ 8 വരെ സ്കൂളിൽ നടക്കുന്ന ഒപ്പന മത്സരങ്ങളിൽ സ്ഥിരം മണവാട്ടിയാകുന്നത് ആയിഷ ആയിരുന്നു. ശ്രീകൃഷ്ണപുരത്തു നടന്ന പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിലും ആയിഷ പങ്കെടുത്തിരുന്നു. പഠനത്തിലും ആയിഷ മിടുക്കിയായിരുന്നു.

 ഇന്ന് പുലർച്ചെ 4 പേരുടെ മൃതദേഹങ്ങളും പോസ്റ്റ്‌ മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിച്ചു. സ്കൂളിലെ പൊതുദർശനം ഒഴിവാക്കി. രാവിലെ 8:30 മുതൽ 10 മണിവരെ പള്ളിക്ക് തൊട്ടടുത്തുള്ള കരിമ്പനക്കൽ ഹാളിൽ പൊതുദർശനം നടക്കും. ശേഷം തുപ്പനാട് ജുമാ മസ്ജിദിൽ ഖബറടക്കം. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിന് ഇന്ന് (വെള്ളി) അവധി പ്രഖ്യാപിച്ചു. ഇന്ന്  നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

അതേസമയം മണ്ണാർക്കാട് ഭാഗത്തുനിന്നു പാലക്കാട്ടേക്ക് പോയ ലോറി ഇടിച്ചതാണ് സിമന്റ് ലോറി മറിയാൻ കാരണമായതെന്നാണ് മൊഴി. അപകടത്തിന് കാരണമായ ലോറി ഡ്രൈവർ വഴിക്കടവ് സ്വദേശി പ്രജീഷ് പോലീസ് കസ്റ്റഡിയിലാണ്. സിമൻ്റ് ലോറി ഡ്രൈവറെയും ക്ലീനറെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് സ്വദേശികളായ മഹേന്ദ്ര പ്രസാദ്, വർഗീസ് എന്നിവരാണ് സിമൻ്റ് ലോറിയുടെ ഡ്രൈവറും ക്ലീനറും. ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്.

അപടത്തിന് പിന്നാലെ നാട്ടുകാർ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു. റോഡ് നിർമാണത്തിലെ അശാസ്ത്രീയ രീതിയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. പ്രശ്നം പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പിന്മേൽ ഒടുവിൽനാട്ടകാർ പ്രതിഷേധം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: