ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ അതുല്‍ സുഭാഷ് എന്ന 34കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി അതുല്‍ സുഭാഷിന്റെ സഹോദരന്‍. മരിച്ച അതുല്‍ സുഭാഷിനെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ മൂന്ന് കോടി രൂപയും മകനെ കാണാനുള്ള സന്ദര്‍ശനാവകാശത്തിന് 30 ലക്ഷം രൂപയും മുന്‍ ഭാര്യ ആവശ്യപ്പെട്ടതായി അതുല്‍ സുഭാഷിന്റെ സഹോദരന്‍ ബികാസ് കുമാര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായും ബികാസ് കുമാര്‍ പറഞ്ഞു.
മൂന്നേകൊല്ലല്‍ സ്വദേശി അതുല്‍ സുഭാഷിനെ തിങ്കളാഴ്ചയാണ് അപ്പാര്‍ട്ടുമെന്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്‍ സുഭാഷുമായി വേര്‍പിരിഞ്ഞ ഭാര്യ നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതായി മാറത്തഹള്ളി പൊലീസ് പറഞ്ഞു. മുന്‍ ഭാര്യയുടെയും വീട്ടുകാരുടെയും നിരന്തരമായ പീഡനവും ഭീഷണിയുമാണ് സുഭാഷിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുമാര്‍ പരാതിയില്‍ ആരോപിച്ചു.
കോടതിയില്‍ കേസെത്തിയത് മുതല്‍ സഹോദരന്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു എന്ന് കുമാര്‍ പറഞ്ഞു. ‘കോടതിയില്‍ ഹാജരാകാന്‍ വേണ്ടി ബെംഗളുരുവിനും ജൗന്‍പൂരിനും ഇടയില്‍ 40 തവണയെങ്കിലും അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ നിയമങ്ങളും സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്, പുരുഷന്മാര്‍ക്കുള്ളതല്ല. നീതിക്കായി ഞാന്‍ പോരാടും’ എന്ന് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘നീതി വൈകി’ എന്ന തലക്കെട്ടോടെ തുടങ്ങുന്ന കുറിപ്പില്‍ തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകള്‍ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും സുഭാഷ് പറഞ്ഞിരുന്നു. ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനും ചേര്‍ന്നാണ് തന്നെ ബുദ്ധിമുട്ടിക്കുന്നത്, തന്റെ നിരപരാധിയായ നാല് വയസുള്ള മകനെ തന്റെ സ്വത്ത് അപഹരിക്കാനായി ആയുധമാക്കുകയാണെന്നും സുഭാഷ് കുറിച്ചിട്ടുണ്ട്. തന്റെ ആത്മഹത്യാക്കുറിപ്പ് നിരവധിയാളുകള്‍ക്ക് അയച്ചാണ് സുഭാഷ് ജീവനൊടുക്കിയത്. ഇത് കൂടാതെ ആത്മഹത്യ ചെയ്ത വീടിന്റെ ഭിത്തിയില്‍ ‘നീതി വൈകി’ എന്ന് പ്ലാക്കാര്‍ഡില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. സുഭാഷ് റെക്കോഡ് ചെയ്ത വീഡിയൊ സമൂഹമാധ്യമങ്ങളില്‍ വന്‍തോതിലാണ് പ്രചരിക്കുന്നത്.