ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ 70 പേരെ അറസ്റ്റു ചെയ്തു. ആക്രമണങ്ങളില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് ബംഗ്ലാദേശിന്റെ നടപടി. ആഗസ്റ്റ് 5 മുതല്‍ ഒക്ടോബര്‍ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 88 കേസുകളിലാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെ വീണ്ടും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദിനുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ കൂടിക്കാഴ്തയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമസംഭവങ്ങളെ കുറിച്ച് ഇന്ത്യ സൂചിപ്പിച്ചിരുന്നു, എന്നാല്‍ ബംഗ്ലാദേശ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് 70 പേരെ അറസ്റ്റു ചെയ്തതായി അറിയിച്ചത്.
ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ഇന്ത്യ പലതവണ ആശങ്ക അറിയിച്ചിരുന്നു. ഇന്നലെ ബംഗ്‌ളാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ബി.ജെ.പിയും നിരവധി ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ശക്തമായ മുന്നറിയിപ്പാണ് ബംഗ്‌ളാദേശിന് നല്‍കിയത്. റഫാല്‍ വിമാനങ്ങള്‍ ബംഗ്‌ളാദേശിലേക്കയക്കുമെന്നും സുവേന്ദു അധികാരി മുന്നറിയിപ്പ് നല്‍കി. ’40 റഫേല്‍ വിമാനങ്ങള്‍ ഹസിമാരയില്‍ കിടപ്പുണ്ട്. അതില്‍ രണ്ടെണ്ണം അയച്ചാല്‍ പണിതീരും. അദ്ദേഹം പറഞ്ഞു. ബംഗ്‌ളാദേശിലെ മുഹമ്മദ് യൂനുസ് സര്‍ക്കാരിനെ താലിബാനോട് ഉപമിച്ച സുവേന്ദു അധികാരി തീവ്രവാദ, മനുഷ്യത്വ വിരുദ്ധ സര്‍ക്കാരാണെന്നും അഭിപ്രായപ്പെട്ടു.