KeralaNEWS

തിരിച്ചുവേണം തന്ന 100 ഏക്കര്‍; സ്മാര്‍ട് സിറ്റിക്ക് നല്‍കിയ ഭൂമി വീണ്ടെടുക്കാന്‍ കെഎസ്ഇബി

കൊച്ചി: സ്മാര്‍ട് സിറ്റി പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ 246 ഏക്കറില്‍ 100 ഏക്കര്‍ തിരിച്ചുപിടിക്കാന്‍ വൈദ്യുതി വകുപ്പും കെഎസ്ഇബിയും നടപടി തുടങ്ങി. ഇതോടെ ടീകോമിനെ ഒഴിവാക്കി പദ്ധതി പുനരുജ്ജീവിപ്പിക്കാനുളള സര്‍ക്കാരിന്റെ ശ്രമം അതീവ സങ്കീര്‍ണമായി. ടീകോമിനെ ഒഴിവാക്കിയശേഷം 246 ഏക്കറും പ്രയോജനപ്പെടുത്തുമെന്നു വ്യവസായ വകുപ്പ് പ്രഖ്യാപിച്ചിരിക്കെയാണ് അതില്‍ പകുതിയോളം സ്ഥലം തിരിച്ചുചോദിക്കാന്‍ വൈദ്യുതി വകുപ്പ് ഒരുങ്ങുന്നത്. കെഎസ്ഇബിയുടെ നീക്കത്തെ സിപിഎമ്മിലെ ഒരുവിഭാഗം പിന്തുണയ്ക്കുന്നു.

ബ്രഹ്‌മപുരം പദ്ധതിയുടെ വികസനത്തിനായി കെഎസ്ഇബി നീക്കിവച്ച 206 ഏക്കറില്‍ 100 ഏക്കര്‍ 2007ല്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മുന്‍കയ്യെടുത്ത് സൗജന്യമായി സ്മാര്‍ട് സിറ്റിക്കു കൈമാറുകയായിരുന്നു. കെഎസ്ഇബി പണം നല്‍കി വാങ്ങിയ ഭൂമിയായതിനാല്‍ വിപണിവില ഈടാക്കണമെന്ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ ഫയലില്‍ എഴുതിയിരുന്നു. സെന്റിന് 55,000 രൂപ വച്ച് 55 കോടി ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് സൗജന്യമായി വിട്ടുകൊടുക്കാന്‍ വി.എസ് തീരുമാനമെടുത്തു.

Signature-ad

സ്ഥലം റജിസ്റ്റര്‍ ചെയ്ത് കൈമാറിയിട്ടില്ലാത്തതിനാല്‍ ഇപ്പോഴും ഉടമസ്ഥാവകാശമുണ്ടെന്നും തിരിച്ചെടുക്കാനാകുമെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സര്‍ക്കാരിനു കത്തു നല്‍കുമെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. വികസനപദ്ധതികള്‍ക്കു തടയിട്ട് 17 വര്‍ഷത്തിലധികം ഭൂമി കൈവശം വച്ച ടീകോമില്‍നിന്നു നഷ്ടപരിഹാരം വാങ്ങണമെന്ന വിലയിരുത്തലും ബോര്‍ഡ് അധികൃതര്‍ക്കുണ്ട്.

എതിര്‍ത്തവര്‍ വെറുതേ നല്‍കിഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒപ്പുവച്ച ധാരണാപത്രത്തില്‍ കെഎസ്ഇബിയുടെ ഭൂമി കൈമാറാനുള്ള വ്യവസ്ഥയ്‌ക്കെതിരെ അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ് രംഗത്തുവന്നിരുന്നു. 350 കോടി മതിപ്പുവിലയുള്ള ഭൂമി സര്‍ക്കാരിന്റെ ഒത്താശയോടെ തട്ടിയെടുക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. വി.എസ് സര്‍ക്കാരിന്റെ കാലത്താകട്ടെ ഈ ഭൂമിയും കിന്‍ഫ്രയുടെ കൈവശമുള്ള 10 ഏക്കറും കൂടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: