തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന് എന്‍ പ്രശാന്തിന്റെ പ്രവര്‍ത്തികളില്‍ മര്യാദയുടെ അഭാവമെന്ന് കുറ്റാരോപണ മെമ്മോ. പ്രശാന്ത് അനുസരണക്കേട് കാട്ടുന്നുവെന്നും, വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ ഇമേജിനെ ബാധിച്ചുവെന്നും കുറ്റാരോപണ മെമ്മോയില്‍ പറഞ്ഞിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥനായ എ ജയതിലകിനെതിരായ പരസ്യ വിമര്‍ശനത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ പ്രശാന്ത്, നടപടിക്ക് ശേഷവും മാദ്ധ്യമങ്ങളില്‍ അഭിമുഖം നല്കി ചട്ടലംഘനം തുടരുന്ന സാഹചര്യത്തിലാണ് ഇന്നലെ കുറ്റാരോപണ മെമ്മോ നല്‍കിയത്.
മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന് ഐഎഎസിനെ പ്രശാന്ത് വിമര്‍ശിച്ചത് തെറ്റാണെന്നും മെമ്മോയിലുണ്ട്. ഈ നടപടി കെ ഗോപാലകൃഷ്ണന് അപമാനവും മാനഹാനിയും ഉണ്ടാക്കി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലകിനെ വിമര്‍ശിച്ചതും കുറ്റകരമാണ്. കൃഷിവകുപ്പിന്റെ ഉല്‍പ്പന്നം ഫേസ്ബുക്കില്‍ പങ്കുവച്ചത് സദുദ്ദേശപരമല്ല. കള പറിക്കാന്‍ ഇറങ്ങിയതാണെന്ന പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ളതാണ്.
ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും നിരുത്തരവാദിത്തപരമായ പെരുമാറ്റവും ഗുരുതരമായ അച്ചടക്കരാഹിത്യവും ഉണ്ടായി. ഉയര്‍ന്ന ധാര്‍മിക മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്നും കുറ്റാരോപണ മെമ്മോയില്‍ പറയുന്നു. അടുത്ത ചീഫ് സെക്രട്ടറിയാവാന്‍ സാദ്ധ്യത ഏറെയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ജയതിലകിനെതിരായ പരസ്യപോരിലാണ് എന്‍ പ്രശാന്ത് സസ്പെന്‍ഷനിലായത്.