കത്തോലിക്കാ സഭയുടെ കര്‍ദിനാള്‍ പദവിയിലേക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. വൈദികനായിരിക്കെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി മാമ്മൂട് സ്വദേശിയായ മാർ ജോർജ് കൂവക്കാട്. വത്തിക്കാൻനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ ആണ് സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകിയത്. കർദിനാൾന്മാരുടെ സ്ഥാനചിഹനങ്ങളായ സ്വർണ മോതിരവും ചുവന്ന തലപ്പാവും മാർപാപ്പ മാർ ജോർജ് ജേക്കബ് കൂവക്കാടിനെ അണിയിച്ചു. തുടർന്ന് സർട്ടിഫിക്കറ്റ് കൈമാറി. മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേരാണ് കർദിനാൾമാരായി അഭിഷിക്തരായത്. ഏറ്റവും പ്രായം കൂടിയ 99കാരനായ ഇറ്റാലിയന്‍ ബിഷപ്പ് ആഞ്ജലോ അസര്‍ബിയും ഏറ്റവും പ്രായം കുറഞ്ഞ 44കാരൻ യുക്രെനിയന്‍ ബിഷപ്പ് മൈക്കലോ ബൈചോകും കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇന്ത്യൻ സമയം രാത്രി 9ന് ആരംഭിച്ച ചടങ്ങ് രാത്രി 10.15 ഓടെ പൂർത്തിയായി.
ഏവരെയും അഭിസംബോധന ചെയ്ത് സംസാരിച്ച മാര്‍പാപ്പ ദൈവത്തിന് എളിമയോടെ ഹൃദയം സമര്‍പ്പിക്കാന്‍ കര്‍ദിനാള്‍മാരോട് ആവശ്യപ്പെട്ടു.
“എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് സഭയുടെ ദൗത്യം. ലോകത്തിന്റെ പ്രശ്‌നങ്ങളില്‍ മനസ്സ് വിഷമിക്കുന്ന അവസ്ഥ ഉണ്ടായിരിക്കണം. ലോകത്തിന്റെ വഴികളിലാണ് സഭയുള്ളത്. വാതിലടയ്ക്കരുത്. ഒളിക്കരുത്. ലോകത്തോടൊപ്പം നടക്കണം. കണ്ണീരൊപ്പാന്‍ സഭയുണ്ടായിരിക്കണം.”
മാര്‍പാപ്പ പറഞ്ഞു.
കർദിനാൾ പദവിയിലേക്കുള്ള മാർ ജോർജ് ജേക്കബ് കൂവക്കാടിൻ്റെ സ്ഥാനാരോഹണം ഇന്ത്യയ്ക്ക് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി:
“മാർ ജോർജ് കൂവക്കാടിനെ പരിശുദ്ധ പിതാവ് പോപ്പ് ഫ്രാൻസിസ് കർദിനാളായി നിയമിച്ചിരിക്കുന്നത് ഇന്ത്യയ്ക്ക് വലിയ അഭിമാന കാര്യമാണ്. ചടങ്ങിൽ കേന്ദ്രമന്ത്രിയായ ജോർജ് കുരിയൻ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം പങ്കെടുത്തു. ചടങ്ങിന് മുൻപായി ഇന്ത്യൻ പ്രതിനിധി സംഘം പോപ്പ് ഫ്രാൻസിസിനെ സന്ദർശിക്കുകയും ചെയ്തു”
പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
വത്തിക്കാനിൽ ഫ്രാൻസിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള സഭാ പിതാക്കന്മാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
മാർ കൂവക്കാടിൻ്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചങ്ങനാശരി അതിരൂപതയിൽ നിന്നുള്ള വൈദികരും വിശ്വാസികളും ഉൾപ്പെടുന്ന പ്രതിനിധി സംഘവും ചടങ്ങ് വീക്ഷിച്ചു. കൂടാതെ, കേരളത്തിലെ സീറോ മലബാർ സഭയുടെ ഉന്നത പുരോഹിതരും ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
മാമ്മൂട് കൂവക്കാട് ജേക്കബ് വർഗീസ്, ത്രേസ്യാമ്മ ദമ്പതികളുടെ മകനായ ജോർജ് ജേക്കബ് കൂവക്കാട് 2004 ജൂലൈ 24നാണ് പൗരോഹിത്യം സ്വീകരിച്ചത്. നിലവിൽ വത്തിക്കാൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു.