മുംബൈ: സത്യപ്രതിജ്ഞ കഴിഞ്ഞ് 3 ദിവസം പിന്നിടുമ്പോഴും മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ പ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്നു. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ആഭ്യന്തരവകുപ്പിനായി സമ്മര്‍ദം ശക്തമാക്കിയതും പ്രധാന വകുപ്പുകള്‍ ആവശ്യപ്പെടുന്നതുമാണ് തീരുമാനം വൈകാന്‍ കാരണം. ആഭ്യന്തരവകുപ്പ് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപിയും തയാറുമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും ഷിന്‍ഡെ വിഭാഗം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തര വകുപ്പ് നല്‍കിയതുപോലെ, ഇപ്പോള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് ഷിന്‍ഡെയുടെ ആവശ്യം. 43 മന്ത്രിമാരെയാണ് സംസ്ഥാനത്ത് നിയോഗിക്കാവുന്നത്. ഇതില്‍ പകുതിയിലധികവും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയില്‍ നിന്നാകും. ശിവസേനയ്ക്ക് 12, എന്‍സിപിക്ക് 9 എന്നിങ്ങനെയാണ് തത്വത്തില്‍ ധാരണയായിട്ടുള്ളത്.